Pages

Subscribe:

Labels

Featured Posts

Friday, October 7, 2011

2,999 രൂപയ്ക്ക് ടാബ്‌ലറ്റ്: ഇന്ത്യ ചരിത്രം സൃഷ്ടിച്ചു


ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ പുറത്തിറക്കി ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയില്‍ നിന്ന് വീണ്ടുമൊരു മായാജാലം. പക്ഷെ ഇത്തവണ കാര്‍ നിര്‍മാണ മേഖലയില്‍ അല്ല, വിവര സാങ്കേതിക മേഖലയില്‍ ആണെന്ന് മാത്രം. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍- ആകാശ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പുറത്തിറക്കി.
കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് 1750 രൂപയ്ക്ക് ലഭിക്കുന്ന ടാബ്‌ലറ്റിന് പൊതു വിപണിയില്‍ 2,999 രൂപയാണ് വില. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വിദ്യാര്‍ത്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആകാശ് ടാബ്‌ലറ്റ് പുറത്തിറക്കുന്നത്.
ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒ എസ്, ഏഴ് ഇഞ്ച്‌ എല്‍ സി ഡി സ്ക്രീന്‍, 256 എം ബി റാം, 32 ജി ബി വരെ ഉയര്‍ത്താവുന്ന മെമ്മറി, രണ്ടു യു എസ് ബി പോര്‍ട്ടുകള്‍, ജി പി ആര്‍ എസ്, വൈ ഫൈ തുടങ്ങിയവയാണ് ആകാശ് ടാബ്‌ലറ്റിന്‍റെ മുഖ്യ സവിശേഷതകള്‍. എന്നാല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നത് ഒരു ന്യുനതയാണ്.
ഒരു കോടി ഇരുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ആവശ്യമായതിനാല്‍  ഘട്ടം ഘട്ടമായി ഇനിയും വില കുറക്കാനാകുമെന്നാണു സര്‍ക്കാര്‍ അനുമാനിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നതിനു കഴിയും വിധമാണ് ടാബ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കായി 5,000 രൂപയില്‍ താഴെ വിലയുള്ള ലാപ്ടോപ്പുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല.

സ്റ്റീവ് ജോബ്സ് യാത്രയായി


ഐ ഫോണും ഐ പാഡും ലോകത്തിനു സമ്മാനിച്ച സിലിക്കന്‍വാലി ഐക്കണ്‍ സ്റ്റീവ് ജോബ്സ്(56) യാത്രയായി. കഴിഞ്ഞ ഏഴു വര്‍ഷമായി ഗുരുതരമായ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സറിന്‌ ചികില്‍സയിലായിരുന്നു ആപ്പിള്‍ മുന്‍ സി ഇ ഒയും ഇപ്പോഴത്തെ ചെയര്‍മാനുമായിരുന്ന ജോബ്സ്. ഇന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കമ്പനികളില്‍ ഒന്നാക്കി ആപ്പിളിനെ മാറ്റിയതില്‍ ജോബ്സിന്‍റെ പങ്ക് നിസ്തുലമാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആപ്പിള്‍ സി ഇ ഒ സ്ഥാനത്ത് നിന്ന് ജോബ്സ് രാജി വച്ചത്.
2004 ഓഗസ്‌റ്റിലാണ്‌ ആദ്യമായി ജോബ്‌സ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാകുന്നത്‌. അന്ന്‌ പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധിച്ച ഭാഗം മുറിച്ചുനീക്കിയിരുന്നു. പിന്നീട്‌ ചികില്‍സ തുടര്‍ന്നു. ഇതിനിടയില്‍ കംപ്യൂട്ടര്‍, ടാബ്‌ലറ്റ്‌, സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍ തരംഗം സൃഷ്‌ടിച്ചു. എന്നാല്‍ 2009 ജനുവരിയില്‍ രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന്‌ ജോബ്‌സ്‌ മെഡിക്കല്‍ ലീവെടുത്തു. ചുമതല ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായ ടിം ക്രൂക്കിന്‌ കൈമാറി. ആപ്പിളില്‍ ജോബ്‌സിന്‍റെ വലംകൈയായിരുന്നു ക്രൂക്ക്‌. 2009 ജനുവരിയ്‌ക്ക്‌ ശേഷം ജൂണില്‍ ആപ്പിള്‍ ക്യാംപസില്‍ നടന്ന പരിപാടിയിലാണ്‌ ജോബ്‌സ്‌ പ്രത്യക്ഷപ്പെടുന്നത്‌.
പിന്നീട്‌ 2011 ജനുവരിയില്‍ മെഡിക്കല്‍ ലീവെടുത്ത ജോബ്‌സ്‌, ആരോഗ്യനില ആതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, മാര്‍ച്ച്‌ രണ്ടിന്‌ ഐപാഡ്‌-2 പുറത്തിറക്കുന്ന ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്‌ ഏവരെയും അമ്പരപ്പെടുത്തി. ജോബ്സിന്‍റെ അന്ത്യത്തോടെ വിവര സാങ്കേതിക ലോകത്ത് ഒരു യുഗാന്ത്യമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ക്യാന്‍സറില്‍ ഏറ്റവും ഗുരതരമാണ്‌ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍. എന്നിട്ടും ഇത്രയും കാലം പിടിച്ചുനില്‍ക്കുന്നത്‌ അദ്ദേഹത്തിന്‍റെ മനസാന്നിദ്ധ്യം ഒന്നുകൊണ്ട്‌ മാത്രമാണ്‌.
1955 ഫെബ്രുവരി 25നായിരുന്നു ജോബ്സിന്‍റെ ജനനം.  പിന്നീട് 1976ലാണ് കുടുംബ വീട്ടിലെ കാര്‍ഷെഡില്‍ ആപ്പിള്‍ കമ്പനി സ്ഥാപിക്കപ്പെടുന്നത്‌. അവിടെനിന്നാണ്‌ ജോബ്‌സിന്‍റെ കീഴില്‍ ലോകത്തിലെ ഏറ്റവും ആസ്ഥിയുള്ള രണ്ടാമത്തെ കമ്പനി(അമേരിക്കന്‍ സര്‍ക്കാരിനേക്കാള്‍ സമ്പന്നരാണ്‌ ആപ്പിള്‍) എന്ന നിലയിലേക്ക്‌ ആപ്പിള്‍ വളരുന്നത്‌. ഏറ്റവും പുതിയ ഐ ഫോണ്‍ പുറത്തിറക്കിയതിന്‍റെ അടുത്ത ദിവസമാണ് ജോബ്സ് അന്തരിച്ചത്.
സ്റ്റീവ് ജോബ്സിന്‍റെ വിയോഗത്തില്‍ ബി ലൈവ് ന്യൂസിന്‍റെ ആദരാഞ്ജലികള്‍...

ഫേസ്‌ബുക്ക്‌ ബലാല്‍സംഗം പ്രോല്‍സാഹിപ്പിക്കുന്നു


സോഷ്യല്‍മീഡിയയ്‌ക്ക്‌ അതിന്റേതായ ഗുണവും ദോഷവുമുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ വെബ്‌സൈറ്റായ ഫേസ്‌ബുക്കിനെക്കുറിച്ച്‌ പുതിയതായി ഉയര്‍ന്നുവരുന്ന ആരോപണം, ലൈംഗിക ആരാജകത്വവും ബലാല്‍സംഗവും പ്രോല്‍സാഹിപ്പിക്കുന്നു എന്നതാണ്‌. ലൈംഗിക ആരാജകത്വവും ബലാല്‍സംഗവും സംബന്ധിച്ച്‌ ചില ഉപയോക്‌താക്കള്‍ ഇട്ട പോസ്‌റ്റ്‌ നീക്കം ചെയ്യണമെന്ന ആവശ്യം ഫേസ്‌ബുക്ക്‌ നിരാകരിച്ചതോടെയാണ്‌ പുതിയ ആരോപണം നേരിടേണ്ടിവരുന്നത്‌.
ഏകദേശം ഒന്നരലക്ഷത്തിലധികം ഉപയോക്‌താക്കള്‍ നല്‍കിയ പരാതിയാണ്‌ ഫേസ്‌ബുക്ക്‌ തള്ളിക്കളഞ്ഞതെന്ന്‌ ലണ്ടനില്‍ നിന്നുള്ള ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ പേജുകള്‍ നീക്കം ചെയ്യാന്‍ ഫേസ്‌ബുക്ക്‌ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പരാതിക്കാര്‍. അതേസമയം ലൈംഗിക ആരാജകത്വം, ബലാല്‍സംഗം എന്നിവ സംബന്ധിച്ച പോസ്‌റ്റുകള്‍ വെറും തമാശയായാണ്‌ തങ്ങള്‍ കാണുന്നതെന്നാണ്‌ ഫേസ്‌ബുക്ക്‌ അധികൃതരുടെ വാദം.

ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ജോലിസാധ്യത


ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍മീഡിയ സൈറ്റുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ പതിനായിരത്തോളം തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇക്കാലത്തെ ഏറ്റവും ഫലപ്രദമായ മാര്‍ക്കറ്റിംഗ്‌ മാധ്യമം സോഷ്യല്‍ മീഡിയയാണെന്ന തിരിച്ചറിവാണ്‌ സോഷ്യല്‍ മീഡിയ എക്‌സ്‌പര്‍ട്ട്‌ എന്ന പേരില്‍ പുതിയ തസ്‌തിക സൃഷ്‌ടിക്കാന്‍ വന്‍കിട കമ്പനികളെ പ്രേരിപ്പിക്കുന്നത്‌.
പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുമ്പോഴും സേവനം ആരംഭിക്കുമ്പോഴും അത്‌ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ ഫേസ്‌ബുക്ക്‌ പോലെയുള്ള സൈറ്റുകള്‍ക്ക്‌ സാധിക്കും. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ പല കമ്പനികളിലും ഇത്തരം തസ്‌തികകള്‍ നിലവില്‍ വന്നുകഴിഞ്ഞു.
കമ്പനിയുടെ പുതിയ വിവരങ്ങള്‍ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ അപ്‌ഡേറ്റ്‌ ചെയ്യുകയും ഉപയോക്‌താക്കളുടെ പ്രതികരണങ്ങള്‍ക്ക്‌ മറുപടി നല്‍കുകയുമാണ്‌ സോഷ്യല്‍മീഡിയ എക്‌സ്‌പര്‍ട്ടിന്റെ ജോലി. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള പ്രാവീണ്യവും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള താല്‍പര്യവുമാണ്‌ ഈ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതയായി കമ്പനികള്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്‌. കിംഗ്‌ഫിഷര്‍(യുബി ഗ്രൂപ്പ്‌), സൗത്ത്‌ വെസ്‌റ്റ്‌ എയര്‍ലൈന്‍സ്‌, പെപ്‌സി, കൊക്കകോള, എയര്‍ടെല്‍, പ്രമുഖ ബിപിഒ കമ്പനികള്‍ എന്നിവ ഇത്തരത്തില്‍ സോഷ്യല്‍മീഡിയ എക്‌സ്‌പര്‍ട്ടുകളെ നിയമിച്ചുകഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ കമ്പനികളില്‍ പതിനായിരത്തിലധികം തസ്‌തികകള്‍ സൃഷ്‌ടികപ്പെടുമെന്നാണ്‌ കണക്കാക്കുന്നത്‌

സൂക്ഷിക്കുക, ഫേസ്‌ബുക്ക്‌ നിങ്ങള്‍ക്ക്‌ പിന്നാലെയുണ്ട്‌


ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റാണ്‌ ഫേസ്‌ബുക്ക്‌. ഫേസ്‌ബുക്കില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്‌. ഫേസ്‌ബുക്കില്‍ അംഗങ്ങളായാല്‍ നിരവധി സുഹൃത്തുക്കളെ കണ്ടെത്താം എന്നതിനെ പുറമെ പല ഗുണങ്ങളുമുണ്ട്‌. എന്നാല്‍ അതിനെല്ലാം പുറമെ ചില അപകടങ്ങളും ഫേസ്‌ബുക്കില്‍ പതിയിരിക്കുന്നുണ്ട്‌.
ഇപ്പോള്‍ പുറത്തുവരുന്ന ഒരു റിപ്പോര്‍ട്ട്‌ പ്രകാരം ഒരു ബ്രൗസറില്‍ ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്ന ഉപയോക്‌താവ്‌ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്ന്‌ ഫേസ്‌ബുക്ക്‌ നിരീക്ഷിക്കുന്നു എന്നതാണ്‌. ഫേസ്‌ബുക്കില്‍ നിന്ന്‌ ലോഗ്‌ ഔട്ട്‌ ചെയ്‌താലും ഉപയോക്‌താവ്‌ ഏതൊക്കെ സൈറ്റില്‍ കയറുന്നുവെന്ന വിവരം ഫേസ്‌ബുക്കിന്‌ ലഭിക്കുമത്രെ.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ദ്ധനായ നിക്‌ കുബ്രിലോവികാണ്‌ ഈ വിവരം പുറത്തുവിട്ടത്‌. നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌ പേജുകളില്‍ ഫേസ്‌ബുക്ക്‌ ലൈക്‌ ബട്ടണോ, വിഡ്‌ഗറ്റോ ഉണ്ടെങ്കില്‍ ഈ വിവരം ബ്രൗസര്‍ തന്നെ ഫേസ്‌ബുക്കിനെ അറിയിക്കുമത്രെ. ഈ അപകടത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള പോംവഴിയും കുബ്രിലോവിക്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ബ്രൗസറിലുള്ള ഓരോ ഫേസ്‌ബുക്ക്‌ കുക്കീസും ഡിലീറ്റ്‌ ചെയ്യുകയാണ്‌ ഒരു മാര്‍ഗം. അല്ലെങ്കില്‍ ഫേസ്‌ബുക്ക്‌ ഉപയോഗിക്കാന്‍ വേണ്ടി മാത്രം ഒരു ബ്രൗസര്‍ ഉപയോഗിക്കുക. താന്‍ കണ്ടെത്തിയ വിവരം ഫേസ്‌ബുക്കിനെ അറിയിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന്‌ കുബ്രിലോവിക്‌ പറയുന്നു.