Pages

Subscribe:

Labels

Friday, October 7, 2011

2,999 രൂപയ്ക്ക് ടാബ്‌ലറ്റ്: ഇന്ത്യ ചരിത്രം സൃഷ്ടിച്ചു


ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ പുറത്തിറക്കി ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയില്‍ നിന്ന് വീണ്ടുമൊരു മായാജാലം. പക്ഷെ ഇത്തവണ കാര്‍ നിര്‍മാണ മേഖലയില്‍ അല്ല, വിവര സാങ്കേതിക മേഖലയില്‍ ആണെന്ന് മാത്രം. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍- ആകാശ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പുറത്തിറക്കി.
കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് 1750 രൂപയ്ക്ക് ലഭിക്കുന്ന ടാബ്‌ലറ്റിന് പൊതു വിപണിയില്‍ 2,999 രൂപയാണ് വില. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വിദ്യാര്‍ത്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആകാശ് ടാബ്‌ലറ്റ് പുറത്തിറക്കുന്നത്.
ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒ എസ്, ഏഴ് ഇഞ്ച്‌ എല്‍ സി ഡി സ്ക്രീന്‍, 256 എം ബി റാം, 32 ജി ബി വരെ ഉയര്‍ത്താവുന്ന മെമ്മറി, രണ്ടു യു എസ് ബി പോര്‍ട്ടുകള്‍, ജി പി ആര്‍ എസ്, വൈ ഫൈ തുടങ്ങിയവയാണ് ആകാശ് ടാബ്‌ലറ്റിന്‍റെ മുഖ്യ സവിശേഷതകള്‍. എന്നാല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നത് ഒരു ന്യുനതയാണ്.
ഒരു കോടി ഇരുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ആവശ്യമായതിനാല്‍  ഘട്ടം ഘട്ടമായി ഇനിയും വില കുറക്കാനാകുമെന്നാണു സര്‍ക്കാര്‍ അനുമാനിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നതിനു കഴിയും വിധമാണ് ടാബ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കായി 5,000 രൂപയില്‍ താഴെ വിലയുള്ള ലാപ്ടോപ്പുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല.

സ്റ്റീവ് ജോബ്സ് യാത്രയായി


ഐ ഫോണും ഐ പാഡും ലോകത്തിനു സമ്മാനിച്ച സിലിക്കന്‍വാലി ഐക്കണ്‍ സ്റ്റീവ് ജോബ്സ്(56) യാത്രയായി. കഴിഞ്ഞ ഏഴു വര്‍ഷമായി ഗുരുതരമായ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സറിന്‌ ചികില്‍സയിലായിരുന്നു ആപ്പിള്‍ മുന്‍ സി ഇ ഒയും ഇപ്പോഴത്തെ ചെയര്‍മാനുമായിരുന്ന ജോബ്സ്. ഇന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കമ്പനികളില്‍ ഒന്നാക്കി ആപ്പിളിനെ മാറ്റിയതില്‍ ജോബ്സിന്‍റെ പങ്ക് നിസ്തുലമാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആപ്പിള്‍ സി ഇ ഒ സ്ഥാനത്ത് നിന്ന് ജോബ്സ് രാജി വച്ചത്.
2004 ഓഗസ്‌റ്റിലാണ്‌ ആദ്യമായി ജോബ്‌സ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാകുന്നത്‌. അന്ന്‌ പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധിച്ച ഭാഗം മുറിച്ചുനീക്കിയിരുന്നു. പിന്നീട്‌ ചികില്‍സ തുടര്‍ന്നു. ഇതിനിടയില്‍ കംപ്യൂട്ടര്‍, ടാബ്‌ലറ്റ്‌, സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍ തരംഗം സൃഷ്‌ടിച്ചു. എന്നാല്‍ 2009 ജനുവരിയില്‍ രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന്‌ ജോബ്‌സ്‌ മെഡിക്കല്‍ ലീവെടുത്തു. ചുമതല ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായ ടിം ക്രൂക്കിന്‌ കൈമാറി. ആപ്പിളില്‍ ജോബ്‌സിന്‍റെ വലംകൈയായിരുന്നു ക്രൂക്ക്‌. 2009 ജനുവരിയ്‌ക്ക്‌ ശേഷം ജൂണില്‍ ആപ്പിള്‍ ക്യാംപസില്‍ നടന്ന പരിപാടിയിലാണ്‌ ജോബ്‌സ്‌ പ്രത്യക്ഷപ്പെടുന്നത്‌.
പിന്നീട്‌ 2011 ജനുവരിയില്‍ മെഡിക്കല്‍ ലീവെടുത്ത ജോബ്‌സ്‌, ആരോഗ്യനില ആതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, മാര്‍ച്ച്‌ രണ്ടിന്‌ ഐപാഡ്‌-2 പുറത്തിറക്കുന്ന ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്‌ ഏവരെയും അമ്പരപ്പെടുത്തി. ജോബ്സിന്‍റെ അന്ത്യത്തോടെ വിവര സാങ്കേതിക ലോകത്ത് ഒരു യുഗാന്ത്യമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ക്യാന്‍സറില്‍ ഏറ്റവും ഗുരതരമാണ്‌ പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍. എന്നിട്ടും ഇത്രയും കാലം പിടിച്ചുനില്‍ക്കുന്നത്‌ അദ്ദേഹത്തിന്‍റെ മനസാന്നിദ്ധ്യം ഒന്നുകൊണ്ട്‌ മാത്രമാണ്‌.
1955 ഫെബ്രുവരി 25നായിരുന്നു ജോബ്സിന്‍റെ ജനനം.  പിന്നീട് 1976ലാണ് കുടുംബ വീട്ടിലെ കാര്‍ഷെഡില്‍ ആപ്പിള്‍ കമ്പനി സ്ഥാപിക്കപ്പെടുന്നത്‌. അവിടെനിന്നാണ്‌ ജോബ്‌സിന്‍റെ കീഴില്‍ ലോകത്തിലെ ഏറ്റവും ആസ്ഥിയുള്ള രണ്ടാമത്തെ കമ്പനി(അമേരിക്കന്‍ സര്‍ക്കാരിനേക്കാള്‍ സമ്പന്നരാണ്‌ ആപ്പിള്‍) എന്ന നിലയിലേക്ക്‌ ആപ്പിള്‍ വളരുന്നത്‌. ഏറ്റവും പുതിയ ഐ ഫോണ്‍ പുറത്തിറക്കിയതിന്‍റെ അടുത്ത ദിവസമാണ് ജോബ്സ് അന്തരിച്ചത്.
സ്റ്റീവ് ജോബ്സിന്‍റെ വിയോഗത്തില്‍ ബി ലൈവ് ന്യൂസിന്‍റെ ആദരാഞ്ജലികള്‍...

ഫേസ്‌ബുക്ക്‌ ബലാല്‍സംഗം പ്രോല്‍സാഹിപ്പിക്കുന്നു


സോഷ്യല്‍മീഡിയയ്‌ക്ക്‌ അതിന്റേതായ ഗുണവും ദോഷവുമുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ വെബ്‌സൈറ്റായ ഫേസ്‌ബുക്കിനെക്കുറിച്ച്‌ പുതിയതായി ഉയര്‍ന്നുവരുന്ന ആരോപണം, ലൈംഗിക ആരാജകത്വവും ബലാല്‍സംഗവും പ്രോല്‍സാഹിപ്പിക്കുന്നു എന്നതാണ്‌. ലൈംഗിക ആരാജകത്വവും ബലാല്‍സംഗവും സംബന്ധിച്ച്‌ ചില ഉപയോക്‌താക്കള്‍ ഇട്ട പോസ്‌റ്റ്‌ നീക്കം ചെയ്യണമെന്ന ആവശ്യം ഫേസ്‌ബുക്ക്‌ നിരാകരിച്ചതോടെയാണ്‌ പുതിയ ആരോപണം നേരിടേണ്ടിവരുന്നത്‌.
ഏകദേശം ഒന്നരലക്ഷത്തിലധികം ഉപയോക്‌താക്കള്‍ നല്‍കിയ പരാതിയാണ്‌ ഫേസ്‌ബുക്ക്‌ തള്ളിക്കളഞ്ഞതെന്ന്‌ ലണ്ടനില്‍ നിന്നുള്ള ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ പേജുകള്‍ നീക്കം ചെയ്യാന്‍ ഫേസ്‌ബുക്ക്‌ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പരാതിക്കാര്‍. അതേസമയം ലൈംഗിക ആരാജകത്വം, ബലാല്‍സംഗം എന്നിവ സംബന്ധിച്ച പോസ്‌റ്റുകള്‍ വെറും തമാശയായാണ്‌ തങ്ങള്‍ കാണുന്നതെന്നാണ്‌ ഫേസ്‌ബുക്ക്‌ അധികൃതരുടെ വാദം.

ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ജോലിസാധ്യത


ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍മീഡിയ സൈറ്റുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ പതിനായിരത്തോളം തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇക്കാലത്തെ ഏറ്റവും ഫലപ്രദമായ മാര്‍ക്കറ്റിംഗ്‌ മാധ്യമം സോഷ്യല്‍ മീഡിയയാണെന്ന തിരിച്ചറിവാണ്‌ സോഷ്യല്‍ മീഡിയ എക്‌സ്‌പര്‍ട്ട്‌ എന്ന പേരില്‍ പുതിയ തസ്‌തിക സൃഷ്‌ടിക്കാന്‍ വന്‍കിട കമ്പനികളെ പ്രേരിപ്പിക്കുന്നത്‌.
പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുമ്പോഴും സേവനം ആരംഭിക്കുമ്പോഴും അത്‌ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ ഫേസ്‌ബുക്ക്‌ പോലെയുള്ള സൈറ്റുകള്‍ക്ക്‌ സാധിക്കും. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ പല കമ്പനികളിലും ഇത്തരം തസ്‌തികകള്‍ നിലവില്‍ വന്നുകഴിഞ്ഞു.
കമ്പനിയുടെ പുതിയ വിവരങ്ങള്‍ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ അപ്‌ഡേറ്റ്‌ ചെയ്യുകയും ഉപയോക്‌താക്കളുടെ പ്രതികരണങ്ങള്‍ക്ക്‌ മറുപടി നല്‍കുകയുമാണ്‌ സോഷ്യല്‍മീഡിയ എക്‌സ്‌പര്‍ട്ടിന്റെ ജോലി. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള പ്രാവീണ്യവും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള താല്‍പര്യവുമാണ്‌ ഈ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതയായി കമ്പനികള്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്‌. കിംഗ്‌ഫിഷര്‍(യുബി ഗ്രൂപ്പ്‌), സൗത്ത്‌ വെസ്‌റ്റ്‌ എയര്‍ലൈന്‍സ്‌, പെപ്‌സി, കൊക്കകോള, എയര്‍ടെല്‍, പ്രമുഖ ബിപിഒ കമ്പനികള്‍ എന്നിവ ഇത്തരത്തില്‍ സോഷ്യല്‍മീഡിയ എക്‌സ്‌പര്‍ട്ടുകളെ നിയമിച്ചുകഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ കമ്പനികളില്‍ പതിനായിരത്തിലധികം തസ്‌തികകള്‍ സൃഷ്‌ടികപ്പെടുമെന്നാണ്‌ കണക്കാക്കുന്നത്‌

സൂക്ഷിക്കുക, ഫേസ്‌ബുക്ക്‌ നിങ്ങള്‍ക്ക്‌ പിന്നാലെയുണ്ട്‌


ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റാണ്‌ ഫേസ്‌ബുക്ക്‌. ഫേസ്‌ബുക്കില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്‌. ഫേസ്‌ബുക്കില്‍ അംഗങ്ങളായാല്‍ നിരവധി സുഹൃത്തുക്കളെ കണ്ടെത്താം എന്നതിനെ പുറമെ പല ഗുണങ്ങളുമുണ്ട്‌. എന്നാല്‍ അതിനെല്ലാം പുറമെ ചില അപകടങ്ങളും ഫേസ്‌ബുക്കില്‍ പതിയിരിക്കുന്നുണ്ട്‌.
ഇപ്പോള്‍ പുറത്തുവരുന്ന ഒരു റിപ്പോര്‍ട്ട്‌ പ്രകാരം ഒരു ബ്രൗസറില്‍ ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്ന ഉപയോക്‌താവ്‌ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്ന്‌ ഫേസ്‌ബുക്ക്‌ നിരീക്ഷിക്കുന്നു എന്നതാണ്‌. ഫേസ്‌ബുക്കില്‍ നിന്ന്‌ ലോഗ്‌ ഔട്ട്‌ ചെയ്‌താലും ഉപയോക്‌താവ്‌ ഏതൊക്കെ സൈറ്റില്‍ കയറുന്നുവെന്ന വിവരം ഫേസ്‌ബുക്കിന്‌ ലഭിക്കുമത്രെ.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ദ്ധനായ നിക്‌ കുബ്രിലോവികാണ്‌ ഈ വിവരം പുറത്തുവിട്ടത്‌. നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌ പേജുകളില്‍ ഫേസ്‌ബുക്ക്‌ ലൈക്‌ ബട്ടണോ, വിഡ്‌ഗറ്റോ ഉണ്ടെങ്കില്‍ ഈ വിവരം ബ്രൗസര്‍ തന്നെ ഫേസ്‌ബുക്കിനെ അറിയിക്കുമത്രെ. ഈ അപകടത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള പോംവഴിയും കുബ്രിലോവിക്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ബ്രൗസറിലുള്ള ഓരോ ഫേസ്‌ബുക്ക്‌ കുക്കീസും ഡിലീറ്റ്‌ ചെയ്യുകയാണ്‌ ഒരു മാര്‍ഗം. അല്ലെങ്കില്‍ ഫേസ്‌ബുക്ക്‌ ഉപയോഗിക്കാന്‍ വേണ്ടി മാത്രം ഒരു ബ്രൗസര്‍ ഉപയോഗിക്കുക. താന്‍ കണ്ടെത്തിയ വിവരം ഫേസ്‌ബുക്കിനെ അറിയിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന്‌ കുബ്രിലോവിക്‌ പറയുന്നു.

വിക്രമിന്റെ ഓഡി ആര്‍ 8 പെരുമ!


തമിഴ്‌ സൂപ്പര്‍താരം വിക്രമിന്‌ കാറുകള്‍ എന്നും ഒരു ഹരമായിരുന്നു. കാറുകള്‍ വാങ്ങാന്‍വേണ്ടിയാണ്‌ പുള്ളിക്കാരന്‍ സിനിമയിലെത്തിയതത്രെ. ഏതായാലും സിനിമയിലൂടെ പ്രേക്ഷകരെ ശരിക്കും വിസ്‌മയിപ്പിച്ച വിക്രം ഇഷ്‌ടപ്പെട്ട കാറുകളെല്ലാം സ്വന്തമാക്കി.
പിതാമകന്‍ എന്ന സിനിമയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിക്രം ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയത്‌ ഓഡി ആര്‍8ന്റെ വി8 എന്ന മോഡലാണ്‌. ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വിക്രം ഓഡി ആര്‍8 സ്വന്തമാക്കുന്നത്‌.
ഒരുകോടി രൂപയിലേറെ വിലയുള്ള ഓഡി ആര്‍ 8 കരുത്തേറിയ സ്‌പോര്‍ട്‌സ്‌ കാര്‍ വിഭാഗത്തില്‍പ്പെട്ടതാണ്‌. 60 മൈല്‍ വേഗത കൈവരിക്കാന്‍ വെറും മൂന്നു സെക്കന്‍ഡ്‌ മതി. വിക്രമിന്റെ അറിവില്‍ ബോളിവുഡ്‌ യുവതാരം രണ്‍ബീര്‍ കപൂര്‍ മാത്രമാണ്‌ ഓഡി ആര്‍8 സ്വന്തമായുള്ള മറ്റൊരു ഇന്ത്യന്‍ സിനിമാതാരം. കാര്‍ സ്വന്തമാക്കിയെങ്കിലും സ്വസ്ഥമായി ഒന്ന്‌ ഓടിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഷൂട്ടിംഗ്‌ തിരക്കുകളും ചെന്നൈയിലെ ട്രാഫിക്കുമാണ്‌ കാര്‍ നല്ലതുപോലെ ഓടിച്ചുനോക്കാന്‍ സാധിക്കാത്തതിന്‌ വിക്രം കുറ്റപ്പെടുത്തുന്നത്‌.
ഓഡി ആര്‍8 കൂടാതെ, പോര്‍ഷെ കരീരെ, മിസ്‌തുബിഷി പജീറോ, ടയോട്ട ഇന്നോവ എന്നിവ ഉള്‍പ്പടെ എട്ടുകാറുകളാണ്‌ വിക്രത്തിന്‌ സ്വന്തമായുള്ളത്‌. ചെന്നൈയ്‌ക്ക്‌ പുറത്ത്‌ കാറില്‍ പോകുമ്പോള്‍ പജീറോയാണ്‌ വിക്രം ഉപയോഗിക്കാറുള്ളത്‌.

ഇതായെത്തി ഹോണ്ട ബ്രയോ, എതിരാളികള്‍ സൂക്ഷിക്കുക!


ജാപ്പനീസ്‌ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയുടെ കോംപാക്‌ട്‌ ഹാച്ച്‌ബാക്ക്‌ മോഡലായ ബ്രയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇ, എസ്‌, എസ്‌(ഓപ്‌ഷണല്‍), വി എന്നിങ്ങനെ നാലു മോഡലുകളായി ലഭ്യമാകുന്ന ബ്രയോയ്‌ക്ക്‌ 3.95-5.1 ലക്ഷം രൂപയാണ്‌ ഡല്‍ഹി എക്‌സ്‌ ഷോറൂം വില. ഹോണ്ട ബ്രയോ കൂടി എത്തിയതോടെ ഈ രംഗത്തെ മല്‍സരം കൂടുതല്‍ ശക്‌തമാകും.
ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കപ്പെടുന്നത്‌ കോംപാക്‌ട്‌ ഹാച്ച്‌ബാക്ക്‌ വിഭാഗത്തിലാണ്‌. മാരുതി വാഗണ്‍ ആര്‍, ഹ്യൂണ്ടായി ഐ 10, ഷെവര്‍ലെ ബീറ്റ്‌, ഫോര്‍ഡ്‌ ഫിഗോ എന്നിവയുമായാണ്‌ ഇന്ത്യന്‍ വിപണിയില്‍ ബ്രയോ മല്‍സരിക്കുന്നത്‌.
ഹോണ്ട ജാസിനുള്ള അതേ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്‌ ബ്രയോയ്‌ക്കും. 88 ബിഎച്ച്‌പി പവറും, 108 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന എന്‍ജിനാണിത്‌. വളരെ ആകര്‍ഷകമായ എക്‌സ്‌റ്റീരിയര്‍ രൂപകല്‍പനയാണ്‌ ബ്രയോയുടെ സവിശേഷത. ഇന്റീരയറും മികച്ചതാണ്‌. പുറകില്‍ നല്ല ലെഗ്‌റൂം ഉണ്ടെന്നതാണ്‌ ബ്രയോയുടെ മുഖ്യ ഹൈലൈറ്റ്‌. സുരക്ഷാ, ആഡംബരം, സുഖയാത്ര എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കിയാണ്‌ ബ്രയോ വികസിപ്പിച്ചിരിക്കുന്നത്‌. ഉയര്‍ന്ന മോഡലുകളില്‍ എബിഎസ്‌, എയര്‍ബാഗ്‌, ഫോഗ്‌ ലാംപ്‌, അലോയ്‌ വീല്‍, യുഎസ്‌ബി ഓഡിയോ സിസ്‌റ്റം എന്നിവയുമുണ്ട്‌.

റെനോ ട്വിസി ഇവി- ചെറുതാണ്‌ മനോഹരം


2010ലെ ഡല്‍ഹി ഓട്ടോ എക്‌സോപോയില്‍ റെനോ അവതരിപ്പിച്ച കുഞ്ഞന്‍ കാറാണ്‌ ട്വിസി ഇവി. രണ്ടു പേര്‍ക്ക്‌ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്‌ട്രിക്‌ കാറാണ്‌ ട്വിസി. ഈ വാഹനം ഉടന്‍ വിപണിയിലെത്തുന്നു. ഈ വര്‍ഷാവസാനത്തോടെ യൂറോപ്യന്‍ വിപണിയിലെത്തുന്ന റെനോള്‍ട്ട്‌ ട്വിസി ഇവി അടുത്തവര്‍ഷത്തോടെ ഇന്ത്യയിലും അവതരിക്കും. നഗരയാത്ര ലക്ഷ്യമിട്ട്‌ പുറത്തിറക്കുന്ന ട്വിസിക്ക്‌ 2.32 മീറ്റര്‍ നീളവും 1.19 മീറ്റര്‍ വീതിയും 1.46 മീറ്റര്‍ ഉയരവുമാണുള്ളത്‌.
ചില രാജ്യങ്ങളില്‍ ലൈസന്‍സ്‌ ഇല്ലാതെ ഓടിക്കാന്‍ സാധിക്കുന്ന ട്വിസിയില്‍ പരമാവധി 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. മൂന്നര മണിക്കൂര്‍ കൊണ്ട്‌ ചാര്‍ജ്‌ ചെയ്യാവുന്ന ബാറ്ററിയാണ്‌ ഇതിന്റെ മറ്റൊരു സവിശേഷത. ആകെ 450 കിലോഗ്രാമാണ്‌ ഇതിന്റെ ഭാരം. തിരക്കേറിയ നഗരവീഥികളില്‍ വലിയ എസ്‌യുവികളുമായി ഒരാള്‍ മാത്രം ഡ്രൈവ്‌ ചെയ്‌തുപോകുന്നത്‌ സ്ഥിരം കാഴ്‌ചയാണ്‌. ഇതുതന്നെയാണ്‌ ഗതാഗത തടസം സൃഷ്‌ടിക്കുന്നതും. ട്വിസി പോലെയുള്ള ചെറുവാഹനങ്ങളുടെ വരവ്‌ ഈ പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇതാവരുന്നു, മഹീന്ദ്ര XUV 500


ടാറ്റ ആര്യയ്‌ക്ക്‌ പിന്നാലെ ഇന്ത്യയില്‍ നിന്ന്‌ മറ്റൊരു സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്‌ യു വി) ജനിക്കുന്നു. ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര പുറത്തിറക്കുന്ന എസ്‌ യു വിയ്‌ക്ക്‌ എക്‌സ്‌ യു വി 500 എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. സെപ്‌റ്റംബര്‍ 28ന്‌ മഹീന്ദ്ര എക്‌സ്‌യുവി 500 ഔദ്യോഗികമായി അവതരിപ്പിക്കും.
പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത എക്‌സ്‌യുവി 500നെ ഒരു ഗാഡ്‌ഗറ്റ്‌ പാക്ക്‌ഡ്‌ വാഹനം എന്നാണ്‌ വിദഗ്‌ദ്ധര്‍ വിശേഷിപ്പിക്കുന്നത്‌. റെയിന്‍ സെന്‍സിറ്റീവ്‌ വൈപ്പര്‍, സണ്‍ലൈറ്റ്‌ സെന്‍സിറ്റീവ്‌ ഹെഡ്‌ലാംപ്‌ എന്നിവയാണ്‌ ഈ വാഹനത്തിന്റെ മുഖ്യ സവിശേഷതകള്‍.
140 ബിഎച്ച്‌പി പവറുള്ള 2.2 ലിറ്റര്‍ എം ഹാക്ക്‌ എന്‍ജിന്‍, 6-സ്‌പീഡ്‌ ഗിയര്‍ബോക്‌സ്‌ എന്നിവയുള്ള എക്‌സ്‌യുവി 500 ടൂവീല്‍ ഡ്രൈവ്‌, ഫോര്‍ വീല്‍ ഡ്രൈവ്‌ എന്നിങ്ങനെ രണ്ടു വേരിയന്റുകളായി ലഭ്യമാകും. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 14-17 ലക്ഷത്തിനിടയില്‍ വിലവരുന്ന മഹീന്ദ്ര എക്‌സ്‌യുവി 500 ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ആര്യ, സ്‌കോഡ യെതി എന്നീ എസ്‌യുവികളുമായാണ്‌ മല്‍സരിക്കുക.
ഒരു എസ്‌ യു വി എന്നതിന്‌ പുറമെ എക്‌സ്‌യുവി 500നെ ഒരു ക്രോസ്‌ ഓവര്‍(സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റിയും മള്‍ട്ടി യൂട്ടിലിറ്റിയും ചേര്‍ന്നത്‌) എന്ന്‌ വിശേഷിപ്പിക്കാനാണ്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമെന്ന്‌ മഹീന്ദ്ര ചീഫ്‌ എക്‌സിക്യൂട്ടീവ്‌ രാജന്‍ വധേര പറഞ്ഞു. 2007ല്‍ പുറത്തിറക്കിയ മഹീന്ദ്ര സ്‌കോര്‍പ്പിയോ വന്‍വിജയമായതോടെയാണ്‌ ഒരു എസ്‌യുവി പുറത്തിറക്കുന്നതിനെക്കുറിച്ച്‌ ആദ്യമായി ആലോചിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. മള്‍ട്ടി യൂട്ടിലിറ്റി വിഭാഗത്തില്‍ പുറത്തിറക്കിയ സൈലോയും മികച്ച വിജയമാണ്‌ നേടുന്നതെന്ന്‌ വധേര അവകാശപ്പെട്ടു.

ആള്‍ട്ടോയെ നേരിടാന്‍ ഇയോന്‍ തയ്യാര്‍


ഹ്യൂണ്ടായിയുടെ ചെറുകാര്‍ ഇയോണ്‍ ദീപാവലിയ്‌ക്ക്‌ മുമ്പ്‌ ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയിലെ ബെസ്‌റ്റ്‌ സെല്ലിംഗ്‌ കാറായ മാരുതി സുസുകിയുടെ ആള്‍ട്ടോയ്‌ക്ക്‌ കനത്തവെല്ലുവിളിയുമായാണ്‌ ഇയോണ്‍ എത്തുന്നത്‌. ഒക്‌ടോബര്‍ 10നും 15നും ഇടയില്‍ പുറത്തിറക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഹ്യൂണ്ടായി ഇയോണിന്‌ 2.50-2.60 ലക്ഷം രൂപയായിരിക്കും വില.
814 സിസി എന്‍ജിനുള്ള ഇയോണിന്‌ 21.1 കെഎംപിഎല്‍ മൈലേജാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ആള്‍ട്ടോയുടെ നീളമുള്ള(3.5 മീറ്റര്‍) ഇയോണിന്‌, പക്ഷെ ആള്‍ട്ടോയേക്കാള്‍ വീതിയും ഉയരവും യഥാക്രമം 75എംഎം, 40എംഎം കൂടുതലാണ്‌.
സാന്‍ട്രോയുടെ പ്‌ളാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്ത ഇയോണിന്‌ ഐ10, സാന്‍ട്രോ എന്നിവയുടെ നിരവധി സവിശേഷതകളുണ്ട്‌. രൂപകല്‍പനയില്‍ പുതിയ വെര്‍ണയുടെ ഫ്‌ളൂയിഡിക്‌ ഡിസൈനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലെ മല്‍സരം കൂടുതല്‍ ശക്‌തമാകും. നാനോ, ഇന്‍ഡിക്ക എന്നിവയ്‌ക്ക്‌ ഇടയില്‍ നില്‍ക്കുന്ന കാര്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌ ടാറ്റ. അതുപോലെ ഫോക്‌സ്‌വാഗണിന്റെ ചെറുകാര്‍ അപ്പ്‌ അടുത്തവര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇതാ വരുന്നു, ഹ്യൂണ്ടായ്‌ i30


ഇന്ത്യയിലെ ജനപ്രിയ ഹാച്ച്‌ബാക്ക്‌ കാറുകളാണ്‌ ഹ്യൂണ്ടായ്‌ ഐ10. ഐ20 എന്നിവ. എന്നാല്‍ ഐ20യേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഐ30 ഹാച്ച്‌ബാക്കുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഹ്യൂണ്ടായ്‌. ഈ ആഴ്‌ച ആരംഭിക്കുന്ന ഫ്രാങ്ക്‌ഫര്‍ട്ട്‌ മോട്ടോര്‍ഷോയില്‍ ഐ30 അവതരിപ്പിക്കും. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. അതേസമയം 2007 ജൂലൈയില്‍ ചെക്ക്‌ റിപ്പബ്‌ളിക്കില്‍ പുറത്തിറക്കിയ ഐ30 ഹാച്ച്‌ബാക്കിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ഫ്രാങ്ക്‌ഫര്‍ട്ട്‌ ഷോയില്‍ അവതരിപ്പിക്കുക.
ഇപ്പോള്‍തന്നെ യൂറോപ്പിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ്‌ ഹ്യൂണ്ടായ്‌ ഐ30. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള കാര്‍വിപണികള്‍ ലക്ഷ്യമിട്ടാണ്‌ ഐ30 ഹാച്ച്‌ബാക്കുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്‌. 2012 അവസാനത്തോടെയാകും ഐ30 ഇന്ത്യയില്‍ അവതരിപ്പിക്കുക. അതേസമയം ഐ30 ഇന്ത്യയില്‍ ലഭ്യമാകുന്നതോടെ, ലക്ഷ്വറി പ്രീമിയം ഹാച്ച്‌ബാക്ക്‌ വിഭാഗത്തിലെ ഏക കാറായിരിക്കും അതെന്നാണ്‌ സൂചന. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മാരുതി സ്വിഫ്‌റ്റ്‌, ടയോട്ട ലിവ, ഐ20, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയേക്കാള്‍ വില കൂടിയ മോഡലായിരിക്കും ഐ30.

യമഹ പുതിയ പ്രീമിയം ബൈക്ക്‌ പുറത്തിറക്കി


യമഹ ബൈക്ക്‌ പ്രേമികള്‍ക്ക്‌ ഇതാ ഒരു സന്തോഷ വാര്‍ത്ത. യമഹയുടെ പ്രീമിയം ബൈക്കായ വൈ ഇസഡ്‌ എഫ്‌- ആര്‍15 പരിഷ്‌ക്കരിച്ച്‌ പുറത്തിറക്കി. 250 സിസി വിഭാഗത്തിലുള്ള ബൈക്കാണിത്‌. പുതിയ എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റാണ്‌(ഇസിയു) ഈ ബൈക്കിന്റെ മുഖ്യ സവിശേഷത.
സ്‌പ്‌ളിറ്റ്‌ സീറ്റ്‌, എല്‍ഇഡ്‌ ടെയില്‍ ലൈറ്റ്‌ എന്നിവയ്‌ക്ക്‌ പുറമെ മദ്ധ്യഭാഗത്തും പുറകുവശത്തും ആകര്‍ഷകമായ രൂപകല്‍പനയും യമഹ വൈ ഇസഡ്‌ എഫ്‌- ആര്‍15 2.0ന്റെ പ്രത്യേകതകളാണ്‌. 1.07 ലക്ഷം രൂപയാണ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബുക്കിംഗ്‌ ആരംഭിച്ചിട്ടുണ്‌.

അപ്രില്ല സ്‌പോര്‍ട്‌സ്‌ ബൈക്കുകള്‍ ഇന്ത്യയിലേക്ക്‌


സ്‌പോര്‍ട്‌ ബൈക്കുകള്‍ക്ക്‌ ഇന്ത്യയില്‍ പ്രിയമേറുന്നു. ലോകത്തിലെ പ്രമുഖ സ്‌പോര്‍ട്‌സ്‌ ബൈക്ക്‌ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നു. ഹര്‍ലി ഡേവിസന്‍, ബി എം ഡബ്‌ള്യൂ എന്നിവയുടെ ആഡംബര ബൈക്കുകള്‍ ഇപ്പോള്‍ത്തന്നെ ഇവിടെ ലഭ്യമാണ്‌. ഇപ്പോഴിതാ പ്രമുഖ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ്‌ ബൈക്ക്‌ നിര്‍മ്മാതാക്കളായ അപ്രില്ല ഇന്ത്യയിലേക്ക്‌ എത്തുന്നു.
അപ്രില്ലയുടെ പ്രശസ്‌ത മോഡലുകളായ ആര്‍എസ്‌വി4, ആര്‍എസ്‌വി4 ആര്‍, ആര്‍എസ്‌വി4 എപിആര്‍സി എന്നിവയ്‌ക്ക്‌ പുറമെ ടോപ്പ്‌ വേരിയന്റായ ആര്‍എസ്‌വി4 ഫാക്‌ടറിയും ഇന്ത്യയില്‍ പുറത്തിറക്കും.
ആര്‍എസ്‌വി4 സീരീസിന്‌ പുറമെ മാനാ850(10 ലക്ഷം രൂപ), മാനാ850 എബിഎസ്‌(10.75 ലക്ഷം രൂപ), ടൗണോ എപിആര്‍സി(14 ലക്ഷം രൂപ) എന്നിവയും ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. തുടക്കത്തില്‍ മുംബയ്‌, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും അപ്രില്ല ബൈക്കുകള്‍ ലഭ്യമാകുക. ബുക്കിംഗ്‌ തുടങ്ങിക്കഴിഞ്ഞു. ബുക്ക്‌ ചെയ്‌താല്‍ ആറ്‌ ആഴ്‌ചകള്‍ക്കകം അപ്രില്ല ബൈക്കുകള്‍ സ്വന്തമാക്കാം.

ഫോക്‌സ്‌വാഗണ്‍ അപ്പ്‌ വിപണി കീഴടക്കും


ആഗോള ചെറുകാര്‍ വിപണി കീഴടക്കാന്‍ ഫോക്‌സ്‌ വാഗണിന്റെ പുതിയ മോഡല്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ അടുത്തവര്‍ഷം പുറത്തിറക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഈ ഹാച്ച്‌ബാക്കിന്‌ അപ്പ്‌ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ചെറുകാറായ പോളോയേക്കാള്‍ ചെറിയ കാറായിരിക്കും അപ്പ്‌.
അതുകൊണ്ടുതന്നെ മാരുതി, ഹ്യൂണ്ടായ്‌, ടാറ്റ, ഷെവര്‍ലെ മോഡലുകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാകും ഫോക്‌സ്‌വാഗണ്‍ അപ്പിന്റെ വരവ്‌. സിറ്റി കാര്‍ എന്ന വിശേഷണവുമായി അവതരിപ്പിക്കുന്ന അപ്പ്‌ മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഫോക്‌സ്‌വാഗണിന്റെ ബെസ്‌റ്റ്‌ സെല്ലര്‍ കാറായി അപ്പ്‌ മാറുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.
ആദ്യം യൂറോപ്യന്‍ വിപണിയിലായിരിക്കും അപ്പ്‌ അവതരിപ്പിക്കുക. അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന സിറ്റി എമര്‍ജന്‍സി ബ്രേക്കിംഗ്‌ സിസ്റ്റം ഉള്‍പെ്‌പടെയുള്ള സംവിധാനങ്ങളുമായാണ്‌ അപ്പ്‌ എത്തുക. നഗരങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നതാണ്‌ ഈ സംവിധാനം. ലേസര്‍ സെന്‍സറുകള്‍ ഉപയോഗിച്ച്‌ അപകട സാധ്യത മനസ്‌സിലാക്കി സ്വയം ബ്രേക്ക്‌ ചെയ്യുന്ന സംവിധാനമാണ്‌ എമര്‍ജന്‍സി ബ്രേക്കിംഗ്‌ സിസ്റ്റം. ഇതുള്‍പ്പടെ നിരവധി സവിശേഷതകള്‍ അപ്പിനുണ്ടാകും. അപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നമുക്ക്‌ കാത്തിരിക്കാം. ഈ വര്‍ഷാവസാനം നടക്കുന്ന ഓട്ടോ എക്‌സപോകളില്‍ അപ്പ്‌ പ്രദര്‍ശിപ്പിക്കുമെന്നും സൂചനയുണ്ട്‌.

ഇതായെത്തി മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ക്രോം


ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്‌-മിത്‌സുബിഷിയുടെ സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനമായ ഔട്ട്‌ലാന്‍ഡറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ്‌ പുറത്തിറക്കി. രൂപഭംഗിയിലും മറ്റും നിരവധി പുതുമകളുമായി എത്തുന്ന പുതിയ എസ്‌യുവി ഔട്ട്‌ലാന്‍ഡര്‍ ക്രോം എന്ന വിളിപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. സ്‌റ്റൈലിനും ഉപഭോക്‌താക്കളുടെ സൗകര്യവും മുന്‍തൂക്കം നല്‍കിയാണ്‌ ഔട്ട്‌ലാന്‍ഡര്‍ നവീകരിച്ചത്‌.
പുറമെയും അകമെയും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. 20.55 ലക്ഷമാണ്‌ ഔട്ട്‌ലാന്‍ഡര്‍ ക്രോമിന്‌ ഡല്‍ഹി എക്‌സ്‌ ഷോറൂം വില. ഹാട്ടെ റെഡ്‌, വോഗ്‌ വൈറ്റ്‌, ഷിമ്മറിംഗ്‌ ആഷ്‌, റണ്‍വേ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. ലിമിറ്റഡ്‌ എഡിഷനായാണ്‌ ഔട്ട്‌ലാന്‍ഡര്‍ ക്രോം പുറത്തിറക്കിയത്‌. അതിനാല്‍ ആദ്യം ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമായിരിക്കും വാഹനം ലഭ്യമാകുക.
ക്രോം പേ്‌ളറ്റഡ്‌ റിയര്‍വ്യൂ മിറര്‍ കൂടുതല്‍ മനോഹരമായിട്ടുണ്ട്‌. വാഹനത്തിനുള്ളില്‍ മുകള്‍വശത്തായാണ്‌ ഡിവിഡി പ്‌ളെയര്‍, 9 ഇഞ്ച്‌ ക്രിസ്‌റ്റല്‍ ക്‌ളിയര്‍ ടിഎഫ്‌ടി സ്‌ക്രീന്‍, റോക്ക്‌ഫോര്‍ഡ്‌ ഫോസ്‌ഗേറ്റ്‌ മ്യൂസിക്‌ സിസ്‌റ്റം തുടങ്ങിയവയ്‌ക്കും പുതുമയുണ്ട്‌. എല്‍സിഡി ഫ്‌ളോര്‍ ഇല്യൂമിനേഷന്‍ ലാംപുകളാണ്‌ മറ്റൊരു സവിശേഷത. ഉള്‍വശത്ത്‌ കൂടുതല്‍ പ്രകാശം നല്‍കുന്നതാണ്‌ ഈ ലാംപുകള്‍.

ടാറ്റ വിസ്തയുടെ പുതിയ മോഡല്‍ വിപണിയില്‍


തിരുവനന്തപുരം: ടാറ്റ മോട്ടോഴ്സ് പ്രീമിയം ഹാച്ച്ബാക്ക് കാറായ ടാറ്റ വിസ്തയുടെ പുതിയ മോഡല്‍ വിപണിയിലിറക്കി. ശക്തിയേറിയ എന്‍ജിനുകളും ആകര്‍ഷകമായ രൂപവും അത്യാധുനിക ഫീച്ചറുകളും മികച്ച ഇന്റീരിയറും ഉള്‍പ്പെടുന്നതാണ് ടാറ്റ വിസ്തയുടെ പുതിയ മോഡല്‍. സെഡാന്റെ പോലുള്ള ഡ്രൈവിംഗ് അനുഭവം നല്കുന്നുവെന്നതാണ് പ്രത്യേകത.
സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ ടാറ്റ മോട്ടോര്‍ ഡീലര്‍മാരില്‍നിന്നും ടാറ്റ വിസ്ത സ്വന്തമാക്കാം.
എക്സ്റ്റീരിയര്‍
പുതിയ ക്രോം ഗ്രില്‍, കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച കാഴ്ച നല്കുന്ന ട്രിപ്പിള്‍ ബാരല്‍ ഹെഡ് ലാംപ് എന്നിവയാണ് പുതിയ ടാറ്റ വിസ്തയുടെ പ്രത്യേകത. പുറംഭാഗങ്ങളില്‍ വ്യാപകമായി ക്രോം ഉപയോഗിച്ചിട്ടുള്ള പുതിയ മോഡലില്‍ അലോയി വീലുകളുമുണ്ട്. സമ്മര്‍ സ്പാര്‍ക്കിള്‍ എന്ന പുതിയ നിറത്തിലും വിസ്ത ലഭ്യമാണ്. റിയര്‍ വിന്‍ഡ്ഷീല്‍ഡിനു താഴെയായി മിറര്‍ ഫിനിഷ് ചെയ്തിരിക്കുന്നത് കാറിനെ ആകര്‍ഷകമാക്കുന്നു.
ഇന്റീരിയര്‍
സൌമ്യമായ ഡാഷ് ബോര്‍ഡ്, ഡോര്‍ പാഡ്സ് എന്നിവ സെഡാന്റെ പോലെയാണ്. 4-സ്പോക്ക് സ്റ്റീയറിംഗ് വീലിനൊപ്പം ഇപ്പോള്‍ 2-ഡിന്‍ മ്യൂസിക് സിസ്റ്റത്തിന്റെ ഓഡിയോ കണ്‍ട്രോളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബ്ളൂ 5 സാങ്കേതികവിദ്യ ഉപയോഗിച്ച് അഞ്ചു മൊബൈലുകളുമായി കണക്ട് ചെയ്യാന്‍ കഴിയും.  യുഎസ്ബി, ഓക്സിലറി ഇന്‍പുട്ട്, ബ്ളൂടൂത്ത് എന്നീ സൌകര്യങ്ങളുമുണ്ട്. ഡ്രൈവര്‍ സീറ്റിനോടു ചേര്‍ന്നുള്ള ജോയിസ്റ്റിക് ഉപയോഗിച്ച് ഇലക്ടിക്കലായി റിയര്‍ വ്യൂ മിററുകള്‍ തിരിക്കാന്‍ കഴിയും. കൂടാതെ ഇലക്ട്രിക്കലായി നിയന്ത്രിക്കാവുന്ന എച്ച് വിഎസി കണ്‍ട്രോളുകള്‍ കൂടുതല്‍ സൌകര്യപ്രദമാണ്.
ഏതുരീതിയിലും അഡ്ജസ്റ് ചെയ്യാവുന്ന രീതിയിലുള്ള സ്റ്റീയറിംഗ് വീലുകള്‍ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റുകളുമാണ് പുതിയ വിസ്തയ്ക്ക്. പിന്നിലെ സീറ്റുകള്‍ കൂടുതല്‍ ലഗേജുകള്‍ ഉള്‍പ്പെടുത്തുന്നതിനായി 60:40 ഫ്ളിപ് ആന്‍ഡ് ഫോള്‍ഡ് രീതിയിലുള്ളവയാണ്.
എന്‍ജിന്‍
1.3 ലിറ്റര്‍ കോമണ്‍ റെയില്‍ ഡയറക്ട് ഇന്‍ജക്ഷന്‍ ക്വാട്രാജെറ്റ് ഡീസല്‍ എന്‍ജിനും വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്നോളജി ഉപയോഗിക്കുന്ന 1.4 ലിറ്റര്‍ എംപിഎഫ്ഐ സഫൈയര്‍ പെട്രോള്‍ എന്‍ജിനുമാണ് വിസ്തയ്ക്ക്. ഡീസല്‍ എന്‍ജിന് 4000 ആര്‍പിഎമ്മില്‍ 75 പിഎസ് പവര്‍ നല്കാന്‍ കഴിയുന്നവയാണ്. പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ പരമാവധി 90 പിഎസ് പവര്‍ നല്കാന്‍ കഴിയും. പുതിയ ടാറ്റ വിസ്തയുടെ ഡീസല്‍ മോഡലിന് 22.3 കിലോമീറ്റര്‍ മൈലേജും പെട്രോള്‍ മോഡലിന് 16.7 കിലോമീറ്റര്‍ മൈലേജും ലഭിക്കും.
ക്ളച്ച് മുഴുവനായി അമര്‍ത്തിയ ശേഷം മാത്രം എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്ളച്ച്-ടു-സ്റ്റാര്‍ട്ട് വിസ്തയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ എന്‍ജിന്‍ റീ-ക്രാങ്ക് ചെയ്യുമെന്ന പേടിവേണ്ട. കുറഞ്ഞ മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന പെഡല്‍ ക്ളച്ച്, എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ളച്ച്, കൂടുതല്‍ മികച്ച രീതിയിലുള്ള ബ്രേക്കിംഗ് സംവിധാനം, കൂടുതല്‍ സുഗമമായ സ്റ്റീയറിംഗ്, അനായാസം ഉപയോഗിക്കാവുന്ന ഗിയര്‍ ഷിഫ്റ്റ് മെക്കാനിസം എന്നിവയും വിസ്തയുടെ പ്രത്യേകതയാണ്.
ഇബിഡി ഉപയോഗിക്കുന്ന എയര്‍ബ്രേക്കിംഗ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, ക്രംപിള്‍ സോണ്‍, സൈഡ് ഇന്‍ട്രൂഷന്‍ ബീമുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നു. എന്‍ജിന്‍ ഇമ്മൊബലൈസര്‍, റിമോട്ട് കീലെസ് എന്‍ട്രി എന്നിവ സെഡാന്റെ പോലുള്ള സൌകര്യങ്ങളാണ്.
എല്‍എസ്/ജിഎല്‍എസ് (ബേസ് വേര്‍ഷന്‍), എല്‍എക്സ്/ജിഎല്‍എക്സ്, വിഎക്സ്/ജിവിഎക്സ്, സെഡ്എക്സ്/ജിസെഡ്എക്സ് (ടോപ് എന്‍ഡ് വേര്‍ഷന്‍) എന്നിങ്ങനെ വ്യത്യസ്ത മോഡലുകള്‍ സമ്മര്‍ സ്പാര്‍ക്കിള്‍, പോഴ്സലീന്‍ വൈറ്റ്, ആര്‍ട്ടിക് സില്‍വര്‍, സ്പൈസ് റെഡ്, ബ്ളില്യന്റ് ബ്ള്യൂ, കാവേണ്‍ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
പ്രീമിയം ഫീച്ചറുകളുളള പുതിയ ടാറ്റ വിസ്തയുടെ പെട്രോള്‍ മോഡലുകള്‍ക്ക് ഡല്‍ഹിയിലെ എക്സ് ഷോറൂം വില 3.88 ലക്ഷം രൂപയും ഡീസല്‍ മോഡലുകള്‍ക്ക് 4.79 ലക്ഷം രൂപയുമാണ്.

ഇന്ത്യന്‍ റുപ്പീ മികച്ച ചിത്രം


പ്രാഞ്ചിയേട്ടന് ശേഷം മറ്റൊരു മികച്ച സിനിമ കുടി മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ഇന്ത്യ റുപ്പീ താരബഹളങ്ങളൊന്നുമില്ലാതെ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പണം ഉണ്ടാക്കാന്‍ വേണ്ടി ഓടിനടക്കുന്ന ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയാണ് ജയപ്രകാശ് എന്ന ചെറുപ്പക്കാരന്‍. പഴയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷമാണ് പൃഥ്വിരാജിന്റെ ജേ പീ എന്ന ജയപ്രകാശ്.
എന്നാല്‍ പണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ അസ്വസ്ഥതകള്‍ മാത്രമാണ് ജയപ്രകാശിന് ലഭിക്കുന്നത്.
തിലകന്‍ അവതരിപ്പിച്ച അച്യുതമേനോന്‍ എന്ന കഥാപാത്രവും ഉജ്ജ്വലമായി. പൃഥ്വിരാജ്, തിലകന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ടിനി ടോം അവതരിപ്പിച്ച കഥാപാത്രവും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. നായികയ്ക്ക് കാര്യമായ പ്രാധാന്യമില്ലെങ്കിലും റീമ കല്ലിങ്കല്‍ മോശമാക്കിയില്ല. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, ശശി കലിംഗ, മാമുക്കോയ, ഷമ്മി തിലകന്‍, സാദിഖ്, ശിവാജി ഗുരുവായൂര്‍, ബിജു പപ്പന്‍, ബാബു നമ്പൂതിരി സീനത്ത്, കല്‍പന, രേവതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. അതിഥി താരമായി എത്തുന്ന ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യ റുപ്പീ നിര്‍മ്മിച്ചിരിക്കുന്നത്. എസ്. കുമാറിന്റെ ക്യാമറയും വിജയ് ശങ്കറിന്റെ ചിത്രസന്നിവേശവും ഷഹബാസ് അമന്‍ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും വേറിട്ട അനുഭവമായി. തന്റെ സിനിമയിലെ കഥാപാത്രങ്ങളായി അഭിനേതാക്കള്‍ ഓരോരുത്തരേയും മാറ്റിയെടുക്കുവാന്‍ രഞ്ജിത്തിനു കഴിഞ്ഞു എന്നതു തന്നെയാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഒരു മികച്ച സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം.

ഇനി റോമയും മൈഥിലിയും?


യുവതാരങ്ങളുടെ തലക്കനത്തിന്‍റെയും അഹങ്കാരത്തിന്റെയും കഥകളാണ് മലയാള സിനിമയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കേള്‍ക്കുന്നത്. സിബിമലയില്‍ ചിത്രത്തിന്‍റെ ക്‌ളൈമാക്‌സ്‌ രംഗത്ത്‌ അഭിനയിക്കാതെ മുങ്ങിയ റീമ കല്ലിംഗലും നിര്‍മ്മാതാക്കളെ അപമാനിച്ച നിത്യമേനോനുമാണ്‌ വിവാദ നായികമാര്‍. ഇടത്തില്‍ മാപ്പ് പറഞ്ഞ റീമ വിക്കില്‍ നിന്ന് രക്ഷപെട്ടെങ്കിലും നിത്യയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയിരിക്കുകയാണ്.
അഹങ്കാരവും തലക്കനവും കാട്ടുന്നതില്‍ ലേശം പോലും പിശുക്കില്ലാത്ത റോമയും മൈഥിലിയും ആയിരിക്കും ഇനി വിലക്ക് ചോദിച്ചു വാങ്ങുന്ന താരങ്ങള്‍ എന്നാണു ഇപ്പോള്‍ മലയാള സിനിമ രംഗത്ത് പറഞ്ഞു കേള്‍ക്കുന്ന കഥ.
ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ സഹതാരങ്ങളോടും നിര്‍മ്മതാക്കളോടും എങ്ങനെ പെരുമാറണമെന്ന് അറിയാത്ത റോമയും മൈഥിലിയും മുതിര്‍ന്ന താരങ്ങളെയും മൈന്‍ഡ് ചെയ്യറില്ലെന്നന്നു പറഞ്ഞുകേള്‍ക്കുന്നത്. പണവും പ്രശസ്തിയും അംഗീകാരങ്ങളും വന്നുചേരുമ്പോള്‍ നില മറന്നു പോകുന്നതാണ് യുവ താരങ്ങളുടെ പ്രശ്നം. ഒരു സിനിമാ താരമായി പ്രശസ്തി ആര്‍ജ്ജിക്കുമ്പോള്‍ വിനയവും സാമാന്യ മര്യാദയും കാട്ടാന്‍ ശ്രമിച്ചില്ലെങ്കില്‍ എത്ര കഴിവുള്ളവര്‍ ആണെങ്കിലും പിന്തള്ളപ്പെട്ടു പോകും എന്ന വസ്തുത യുവതാരങ്ങള്‍ മറക്കാതിരുന്നാല്‍ നന്ന്.

'വിവാഹം സ്വകാര്യമാക്കിയത് സുപ്രിയയുടെ ഇഷ്ടപ്രകാരം'


വിവാഹം സ്വകാര്യമായി നടത്തിയത് സുപ്രിയയുടെ ഇഷ്ടപ്രകാരമെന്നു യുവ നടന്‍ പൃഥ്വിരാജ്. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറഞ്ഞത്. വിവാഹം ഏതൊരാളുടെയും സ്വകാര്യതയാണ്. ഭാര്യ സുപ്രിയ ഒരു നടിയല്ല, അവള്‍ സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. വിവാഹം വലിയൊരു ചടങ്ങാക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. അവള്‍ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി.
അതിനാലാണ് അതൊരു സ്വകാര്യ ചടങ്ങാക്കിയത്. വിവാഹത്തിന്റെ പേരിലുള്ള വിവാദം അനാവശ്യമായിരുന്നു. അത് എന്റെ കരിയറിനെ ബാധിച്ചുവെന്ന് കരുതുന്നില്ല- പൃഥ്വി പറയുന്നു.
താന്‍ ഒരു നിഷേധിയല്ലെന്നും ജനങ്ങള്‍ക്കിടയിലുള്ള ഇമേജിനെ കുറിച്ച് ആശങ്കകളില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്നുവെന്നേയുള്ളു. എന്നെ ആരെങ്കിലും മാതൃകയാക്കണമെന്നോ ഞാന്‍ മാത്രമാണ് ശരിയെന്നോ ഉള്ള അഭിപ്രായമില്ല- പൃഥ്വി പറഞ്ഞു. സ്വഭാവം വച്ച് ഞാനൊരു അന്തര്‍മുഖനാണ്. ഒരു പരിചയവുമില്ലാത്തവരുമായി എനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ട് ഓപ്ഷനുകളാണ് എന്റെ മുന്നിലുള്ളത്, ഒന്ന് ഞാന്‍ എങ്ങനെയാണോ അങ്ങനെയിരിക്കുക, രണ്ടാമത്തേത് സ്വന്തം സ്വഭാവം മറച്ചുവെച്ച് മറ്റൊരാളായി അഭിനയിക്കുക. അതായത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കുക. ഇതില്‍ ആദ്യത്തേതാണ് ശരിയെന്നാണ് എന്റെ പക്ഷമെന്നു പൃഥ്വി പറഞ്ഞു.

'എനിക്ക് ഫാന്‍സ്‌ അസോസിയേഷനുകള്‍ വേണ്ട'


താരമൂല്യം ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടി എല്ലാ സ്ഥലങ്ങളിലും ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിക്കാന്‍ തനിക്കു താല്‍പര്യമില്ലെന്നു യുവ നടന്‍ ആസിഫ് അലി. ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ ഒരഭിമുഖത്തിലാണ് ആസിഫ് തന്റെ നയം വ്യക്തമാക്കിയത്. പക്ഷെ, തിരുവനന്തപുരത്തും തൃശൂരും എറണാകുളത്തുമെല്ലാം ഇപ്പോള്‍ എന്റെ പേരില്‍ ഫാന്‍സ് അസോസിയേഷനുണ്ട്.
അത് എന്റെ അറിവോടെ ഉള്ളതല്ല. ഞാന്‍ ഫാന്‍സിനായി സിനിമകള്‍ ചെയ്യില്ല- ആസിഫ് പറയുന്നു. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന, അത്ര വലിയ ബുദ്ധിയൊന്നുമില്ലാത്ത, മലബാറിലെ മൊഞ്ചത്തിയായ ഒരു മുസ്ളീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് തന്റെ ആഗ്രഹമെന്നും ആസിഫ് അലി പറയുന്നു.

സേതുരാമയ്യര്‍ സി.ബി.ഐ വീണ്ടും വരുന്നു


മലയാള കുറ്റാന്വേഷണ സിനിമയില്‍ പുതിയൊരു പാത തുറന്നുകാട്ടി, മുമ്പെങ്ങുമില്ലാത്തൊരു തരംഗം സൃഷ്ടിച്ച ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്‍റെ അടുത്ത ഭാഗം വരുന്നു. 1987ല്‍ റിലീസു ചെയ്ത സി.ബി.ഐ ഡയറിക്കുറിപ്പിനു ശേഷം രണ്ടും മൂന്നും നാലും ഭാഗങ്ങളായ ജാഗ്രത, സേതു രാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്ന കുറ്റാന്വേഷണ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായിരിക്കും ഇനി വരുന്നത്.
മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന സി ബി ഐ ചിത്രങ്ങളില്‍, നാലാം ഭാഗം പ്രതീക്ഷിച്ചത്ര ഹിറ്റ് ആയില്ല. അതിന്റെ കുറവു കൂടി നികത്തി, ഒരു സൂപ്പര്‍ ഹിറ്റ് ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് മമ്മൂട്ടി-കെ.മധു-എസ്.എന്‍.സ്വാമി ടീം കൃഷ്ണപ്രിയയുടെ ബാനറില്‍ വീണ്ടും ഒന്നിക്കുന്നത്..
ചിത്രത്തിന്റെ പേരില്‍ പൂര്‍ണ്ണമായൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല. അണിയറ പ്രവര്‍ത്തകരൊക്കെ മുമ്പുള്ളവര്‍ തന്നെ. എസ്.എന്‍. സ്വാമിയുടെ തിരക്കഥയിലും, ശ്യാമിന്റെ സംഗീതത്തിലും നേരിയ വ്യത്യാസം വരുത്തിയെന്നതൊഴിച്ചാല്‍ പ്രമേയം പഴയതുതന്നെ. ഒരു കൊലപാതകവും, അതിനെത്തുടര്‍ന്നുണ്ടാകുന്ന സിബിഐ അന്വേഷണവും, അന്വേഷണ ഉദ്യോഗസ്ഥനായി സേതു രാമയ്യര്‍ എത്തുന്നതും… പഴയ കഥയുടെ പുനരാവര്‍ത്തനം. പ്രേക്ഷകര്‍ മടുക്കാത്ത വിധത്തില്‍, പഴയ വീഞ്ഞ് പുതിയ കുടത്തിലാക്കി എത്തിക്കുന്നു എന്നു മാത്രം.
കുറ്റാന്വേഷണ ചിത്രങ്ങളില്‍ സാധാരണ കണ്ടു വരാറുള്ള ആക്ഷനുകള്‍ ഒഴിവാക്കിക്കൊണ്ട് ബുദ്ധിയുപയോഗിച്ച് സത്യത്തിനു നേരേ നടന്നടുക്കുന്ന സേതുരാമയ്യര്‍ എന്ന പട്ടര്‍. നെറ്റിയില്‍ ചന്ദനക്കുറിയും, അരക്കയ്യന്‍ ഷര്‍ട്ടും ഇട്ട് കൈകള്‍ പിറകില്‍ കെട്ടിയുള്ള കഥാനായകന്റെ നടപ്പ്,  മലയാളി മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. ആക്ഷന്‍ രംഗങ്ങളില്ലാതെ കൂര്‍മ്മബുദ്ധിയോടെ കേസന്വേഷിക്കുന്ന ശൈലിയാണ് സിബിഐ പരമ്പരയില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. മറ്റു ചിത്രങ്ങളില്‍ നിന്ന് ഈ കുറ്റാന്വേഷണ പരമ്പരയെ വ്യത്യസ്ഥമാക്കുന്നതും ഈ ഒരു രീതി തന്നെയാവണം.
മമ്മൂട്ടിയുടെ സഹായികളായി ജഗതിയും സുരേഷ് ഗോപിയും എത്തിയപ്പോള്‍ പോലീസുകാരനായി മുകേഷ് ഒരു സിബിഐ ഡയറിക്കുറിപ്പിലും, ജാഗ്രതയിലും എത്തിയിരുന്നു. തുടര്‍ന്നുള്ള ചിത്രങ്ങളിലും ജഗതിയും മുകേഷും ഉണ്ടായിരുന്നു. അഞ്ചാം ഭാഗത്തിലും ജഗതി, മുകേഷ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നു. മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
തിയേറ്റര്‍ ഉടമകളുയെയും വിതരണക്കാരുടെയും സമരം ഫിലിം ഇന്‍ഡസ്ട്രിയെ ബാധിക്കുന്നതിനാലും സിനിമയുടെ നിര്‍മ്മാണം നീണ്ടു പോകാനിടയുള്ളതിനാലും സിനിമയെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ വിസമ്മതിച്ചു.

സാന്‍ഡ് വിച്ച് ഒക്ടോബര്‍ 14ന്


കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ എം.എസ്.മനു സംവിധാനം ചെയുന്ന സാന്‍ഡ് വിച്ച് ഒക്ടോബര്‍ 14ന് തീയേറ്ററുകളില്‍ എത്തുന്നു. സീരിയസായുള്ള ഒരു കഥയെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം.
കോമഡി ത്രില്ലറില്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെ സാമൂഹിക പ്രസക്തിയുള്ള ഒരു കഥയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ബി ലൈവ് നുസിനോടു പറഞ്ഞു. ചിത്രത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അദ്ദേഹം.
കേന്ദ്രകഥാപാത്രമായ സായിയെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഡോ ലവ്, സെവന്‍സ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന കുഞ്ഞക്കോ ബോബന്‍ ചിത്രമാണ് സാന്‍ഡ് വിച്ച്. അനന്യ നായര്‍, വാടാമല്ലി ഫെയിം റിച്ച എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ആണ്ടിപ്പെട്ടി നായിക്കര്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഉണ്ട്. മന്ത്രിയായ ശേഷം കെ ബി ഗണേഷ് കുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ലാലുഅലക്സ്‌, ശാരി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ലെനിന്‍ രാജേന്ദ്രനോടൊപ്പം സംവിധാന സഹായിയായി എത്തിയ മനു, ഷാജി കൈലാസിനോപ്പം 'ടൈഗര്‍'  മുതല്‍ 'ആഗസ്റ്റ്‌ 15' വരെയുള്ള ചിത്രങ്ങളില്‍ അസ്സോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രതീഷ്‌ സുകുമാരനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജനകന്‍ എന്ന ചിത്രത്തിന് ശേഷം എമ്മ സി അരുണ്‍ നായരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചായാഗ്രഹണം പ്രദീപ്‌ നായര്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്. കലാസംവിധാനം ബോബന്‍. സ്മിത പിഷാരടി, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജയന്‍ പിഷാരടിയാണ്. രജപുത്ര ഫിലിംസ് ചിത്രം തീയറ്ററില്‍ എത്തിക്കുന്നു.

റീമ കല്ലിംഗല്‍ രക്ഷപ്പെട്ടു


നിത്യയ്‌ക്ക്‌ രക്ഷയില്ല
മലയാള സിനിമയിലെ യുവതാരങ്ങളുടെ അപമര്യാദയും അച്ചടക്കമില്ലായ്‌മയും സംബന്ധിച്ച വാര്‍ത്തകളാണ്‌ കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്‌. സിബിമലയില്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ്‌ രംഗത്ത്‌ അഭിനയിക്കാതെ മുങ്ങിയ റീമ കല്ലിംഗലും നിര്‍മ്മാതാക്കളെ അപമാനിച്ച നിത്യമേനോനുമാണ്‌ വിവാദ നായികമാര്‍.
ഈ സംഭവങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്‌ കടന്നിരിക്കുകയാണ്‌. റീമ കല്ലിംഗല്‍ തെറ്റു ചെയ്‌തിട്ടില്ലെന്നും, വീഴ്‌ച പറ്റിയത്‌ പ്രൊഡക്ഷന്‍ മാനേജര്‍ക്കുമാണെന്നുമാണ്‌ താരസംഘടനയായ അമ്മ നിലപാടെടുത്തിരിക്കുന്നത്‌. ഇതനുസരിച്ച്‌ പ്രശ്‌നം പറഞ്ഞുതീര്‍ത്ത റീമ കല്ലിംഗല്‍ കഴിഞ്ഞദിവസം സിബി മലയിലിന്റെ ഉന്നം എന്ന ചിത്രത്തിന്റെ സെറ്റിലെത്തി അഭിനയം തുടര്‍ന്നു.
പ്രൊഡക്ഷന്‍ മാനേജരെ പഴിചാരി റീമ രക്ഷപ്പെട്ടെങ്കിലും നിര്‍മ്മാതാവ്‌ ആന്റോ ജോസഫിനെ അപമാനിച്ച നടി നിത്യാമേനോനെതിരായ വിലക്ക്‌ തുടരും. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍ അറിയിച്ചതാണിക്കാര്യം. മലയാള സിനിമയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തുന്നത്‌ മണ്ടത്തരമാണെന്ന നിത്യയുടെ അഭിപ്രായത്തോട്‌, ചെറിയ കുട്ടിയുടെ വിവരക്കേടായി കണ്ടാല്‍ മതിയെന്നാണ്‌ സുരേഷ്‌കുമാര്‍ പറയുന്നത്‌. മറ്റ്‌ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിന്ന്‌ നിത്യയെ വിലക്കാനുള്ള നീക്കവും നടത്തുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കത്ത്‌ ദക്ഷിണേന്ത്യയിലെ ചലച്ചിത്ര സംഘടനകള്‍ക്ക്‌ അയച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. റീമ കല്ലിംഗലിനെ സംരക്ഷിച്ച താരസംഘടനയായ അമ്മ, പക്ഷെ നിത്യമേനോന്റെ കാര്യത്തില്‍ നിലപാട്‌ വ്യക്‌തമാക്കിയിട്ടുമില്ല.
ടി.കെ. രാജീവ്‌കുമാറിന്റെ 'തത്സമയം ഒരു പെണ്‍കുട്ടി'യുടെ ഷൂട്ടിംഗ്‌ സെറ്റിലെത്തിയ നിര്‍മാതാക്കളോടു നിത്യ മോശമായി പെരുമാറിയെന്നാണ്‌ ആരോപണം. നടി വിശ്രമിക്കുകയായിരുന്നതിനാല്‍ സംസാരിക്കാന്‍ മാനേജരെ ഏര്‍പ്പെടുത്തിയതാണു നിര്‍മാതാക്കളെ ചൊടിപ്പിച്ചത്‌. സൂപ്പര്‍താരങ്ങള്‍ പോലും സിനിമാകാര്യങ്ങള്‍ നേരിട്ടു നോക്കിനടത്തുമ്പോള്‍ യുവനടിമാര്‍ ഒരു സിനിമയില്‍ അഭിനയിച്ചു കഴിയുമ്പോഴേക്കു മാനേജര്‍മാരെ നിയമിച്ചു ജാഡ കാട്ടുകയാണത്രേ. ഇത്‌ സംവിധായകനുമായുള്ള ആശയവിനിമയത്തിനു തടസമാകുന്നു.
കഴിഞ്ഞദിവസമാണ്‌ ഉന്നം എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ്‌ രംഗത്തില്‍ അഭിനയിക്കാതെ തിരുവനന്തപുരത്തെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ റീമ കല്ലിംഗല്‍ പോയത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി സംവിധായകന്‍ സിബി മലയില്‍ ഫെഫ്‌കയ്‌ക്കും അമ്മയ്‌ക്കും പരാതി നല്‍കി. റീമയുടെ നടപടി കാരണം രണ്ടുലക്ഷം രൂപയുടെ നഷ്‌ടമാണ്‌ നിര്‍മ്മാതാവിന്‌ ഉണ്ടായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ രാജീവ്‌ നെല്ലിമൂടിനെ അറിയിച്ചശേഷമാണ്‌ താന്‍ പോയതെന്ന്‌ റീമ കല്ലിംഗല്‍ അമ്മ ഭാരവാഹികളെ അറിയിച്ചതോടെയാണ്‌ പ്രശ്‌നത്തിന്‌ പരിഹാരമായത്‌. ഇതേത്തുടര്‍ന്ന്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ സിബി മലയിലും നിര്‍മ്മാതാവ്‌ ഡേവിഡ്‌ കാച്ചപ്പിള്ളിയും ചേര്‍ന്ന്‌ റീമയെ വിളിക്കുകയായിരുന്നു.

സൂര്യയുടെ ഏഴാം അറിവ് ദീപാവലിക്ക്


'ഷോര്‍ട്ട് ടേം മെമ്മറി ലോസ് ' സംഭവിച്ച ഒരു ചെറുപ്പക്കാരന്റെ കഥയില്‍ക്കൂടി തമിഴിലും, ഹിന്ദിയിലും ഹിറ്റ് മേക്കര്‍ ടീം ആയി മാറിയ എ.ആര്‍.മുരുഗദോസും സൂര്യയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ഏഴാം അറിവ് ' ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തമിഴകത്ത് സംഭവിക്കാനിരിക്കുന്ന മഹാത്ഭുതം കാണാന്‍ കണ്ണില്‍ എണ്ണയുമൊഴിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.
സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തിനു വേണ്ടി സൂര്യ, സര്‍ക്കസും ആയോധന മുറകളും അഭ്യസിച്ചു. ഇതില്‍ രണ്ടിലും ഡ്യൂപ്പില്ലാതെ അഭിനയിക്കുകയും ചെയ്തു. കൂടാതെ നിരവധി പ്രത്യേകതകള്‍ ഈ ചിത്രത്തിന് അവകാശപ്പെടാനുമുണ്ട്. തമിഴ് സിനിമയില്‍ സര്‍ക്കസ് കടന്നു വരുന്നത് വളരെ അപൂര്‍വ്വമാണെന്നിരിക്കെയാണ് സര്‍ക്കസ് ജീവിതം കഥയില്‍ ബോധപൂര്‍വമായി പ്രതിപാദിച്ചിരിക്കുന്നത്. 1000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒരു ഗാനരംഗവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്ന പ്രധാന ഘടകമാണ്. കൂടാതെ ഒരു ചൈനീസ് ഗാനവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശങ്കറിന്റെ യന്തിരന്‍, കാമറൂണിന്റെ അവതാര്‍ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച യു.എസിലെ സ്റ്റാര്‍ വിന്‍സ്റ്റന്‍ സ്റ്റുഡിയോ ആണ് ഏഴാം അറിവിന്റെ സ്പെഷ്യല്‍ ഇഫക്ടുകള്‍ ഒരുക്കുന്നത്.
ആറാമിന്ദ്രിയം അഥവാ ഡിഎന്‍എ ശക്തി എങ്ങനെ ഒരു മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അതെങ്ങനെയൊക്കെ ഒരാളില്‍ക്കൂടി മറ്റുള്ളവര്‍ക്കു പ്രയോജനപ്പോടുത്താം എന്ന് വ്യക്തമാക്കിത്തരുകയാണ് ഈ ചിത്രത്തില്‍ക്കൂടി മുരുഗദോസ്. നായകനായ സൂര്യ ബുദ്ധസന്യാസി, ശാസ്ത്രജ്ഞന്‍, സര്‍ക്കസ് അഭ്യാസി എന്ന് മൂന്ന് റോളുകളില്‍ പ്രത്യക്ഷപ്പെടുന്നു. സിക്സ് പായ്ക്കില്‍ എത്തുന്ന സന്യാസി സൂര്യയുടെ കരിയറിലെ ഒരു നിര്‍ണ്ണായക റോളാണ്. കന്നട നടന്‍ അവിനാശ് ആണ് സൂര്യയുടെ പിതാവായി എത്തുന്നത്. ഉലഗനായകന്റെ മകള്‍ ശ്രുതി ഹാസന്‍ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ഷര്‍മ്മിലി എന്ന ശാസ്ത്രജ്ഞയുടെ വേഷത്തില്‍ എത്തുന്ന ശ്രുതിയാണ് നായിക. സ്പൈഡര്‍മാന്‍ -2എന്ന ഹോളിവുഡ് ചിത്രത്തില്‍ സ്പൈഡര്‍മാന്റെ ഡ്യൂപ്പായി അഭിനയിച്ച വിയറ്റ്നാം താരം ജോണി.ടി.ഗുയന്‍ വില്ലനായി വേഷമിടുന്നു.
മലയാളിയായ രവി.കെ.ചന്ദ്രമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മുത്തുകുമാര്‍, വിജയ്, കബിലന്‍, മദന്‍ കാര്‍കി എന്നിവരുടെ വരികള്‍ക്ക് ഹാരിസ് ജയരാജ് ഈണം നല്‍കിയിരിക്കുന്നു. ഒരു ചൈനിസ് ഉള്‍പ്പെടെ മൊത്തം ആറു ഗാനങ്ങള്‍. റോഷന്‍, വിജയ് പ്രകാശ്, ബല്‍റാം, എസ്.പി.ബി, പോപ് ശാലിനി, സുചിത്ര, കാര്‍ത്തിക്, മേഘ, ജെറി ജോണ്‍, ബന്നി ദയാല്‍, ശ്രുതി ഹാസന്‍, ശ്വേതാ മോഹന്‍, നരേഷ് അയ്യര്‍, സുചിത് സുരേശന്‍, ഹാവാങ്ങ് തുടങ്ങി പതിനാറോളം ഗായകര്‍ പാടുന്നു. റെഡ് ജയന്റ് മൂവീസ് ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 110കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
ഹോളിവുഡ് സിനിമയായ 'മെമന്റോ'യില്‍ നിന്ന് ഗജിനിയുടെ കഥ ഉരുത്തിരിഞ്ഞു വന്നതുപോലെ മറ്റൊരു ഹോളിവുഡ് ചിത്രമായ 'ഇന്‍സ്പെഷനി'ല്‍ നിന്നാണ് ഏഴാം അറിവും സ്വീകരിച്ചതെന്ന് തമിഴകത്ത് ഒരു സംസാരമുണ്ടെങ്കിലും കഥാകൃത്തും സംവിധായകനുമായ എ.ആര്‍.എം അത് നിഷേധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
തമിഴകത്ത് നല്ലൊരു ചിത്രം വന്നാല്‍ അത് റീമേക്കു ചെയ്യാന്‍ അവസരം കാത്തിരിക്കുകയാണ് ബോളിവുഡ്. ബോളിവുഡ് നിര്‍മ്മാതാക്കളും ഏഴാം അറിവിന്റെ റിലീസിനായി ഉറ്റു നോക്കുകയാണ്. സൂര്യയുടെ സിങ്കം റീമേക്കു ചെയ്ത അജയ് ദേവഗണും, ഗജിനി റീമേക്കു ചെയ്ത ആമീര്‍ ഖാനും ആ കൂട്ടത്തിലുണ്ട്.
ജയലളിത -കരുണാനിധി രാഷ്ട്രീയ പോരുകള്‍ നിലനില്‍ക്കെ കരുണാനിധി കുടുംബത്തില്‍ നിന്നൊരാള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ വിജയത്തിന്, അതേതു കൊലക്കൊമ്പനായാലും ശരി, പുരയ്ട്ചി തലൈവി ഏതു വിധേനയും തുരങ്കം വയ്ക്കും എന്ന് തമിഴകം ഒന്നടങ്കം വിശ്വസിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളില്‍ ഒരേ സമയം ഇറങ്ങുന്ന ഏഴാം അറിവിനെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ എന്നു വിശേഷിപ്പിക്കാം. പക്ഷേ അപ്പോഴും പുരയ്ട്ചി തലൈവി അടങ്ങിയിരിക്കുമോ എന്നൊരു ആശങ്ക ബാക്കിയാകുന്നു.

ഉഷ ഉതുപ്പ് വീണ്ടുമെത്തുന്നു


ജോഷി സംവിധാനം ചെയ്ത "പോത്തന്‍ വാവ"ക്ക് ശേഷം ഉഷ ഉതുപ്പ് വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. ആറു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഉഷ ഉതുപ്പ് മലയാളത്തില്‍ വീണ്ടും എത്തുന്നത്‌. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന "ഐഡിയല്‍കപ്പിള്‍" എന്ന ചിത്രത്തിലാണ് ഉഷ ഉതുപ്പ് അഭിനയിക്കുന്നത്. പ്രശസ്ത നടന്‍ നാസറിന്റെ ജോടിയായിട്ടാണ് ഉഷ ഉതുപ്പ് ഐഡിയല്‍കപ്പിളില്‍ അഭിനയിക്കുന്നത്.
വാസ് എന്റ്റെര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. സുധീര്‍ അമ്പലപ്പാടിന്റെ വരികള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് അലീന അക്ബറും ജിത്തുവും ചേര്‍ന്നാണ്. സംവിധായകനായ അലി അക്ബര്‍ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ബിനോയ്‌ ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നര്‍മ്മത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ വേഷത്തിലാണ് ഉഷ ഉതുപ്പ് എത്തുന്നത്. വിനീത്, തിലകന്‍, നാസര്‍, ലക്ഷ്മി മേനോന്‍, മധു അഞ്ചല്‍, പ്രവീണ്‍ പ്രേം, എന്നിവരാണ്‌ മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുന്നു.

റീമയ്‌ക്കെതിരെയും നടപടി?

സിബി മലയിലിന്റെ ഉന്നം എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ്‌ ചിത്രീകരണത്തില്‍ നിന്ന്‌ വിട്ടുനിന്ന റീമ കല്ലിംഗലിനെതിരെ അച്ചടക്കനടപടി വരുമെന്ന്‌ സൂചന. നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്‌കയും സംയുക്‌തമായി അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞദിവസമാണ്‌ കൊച്ചിയില്‍ ഉന്നം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്താതെ റീമ കല്ലിംഗല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനായി പോയത്‌.
ഇതുമൂലം ഷൂട്ടിംഗ്‌ മുടങ്ങുകയും നിര്‍മ്മാതാക്കള്‍ക്ക്‌ ലക്ഷകണക്കിന്‌ രൂപയുടെ നഷ്‌ടമുണ്ടാകുകയും ചെയ്‌തു. റീമ കല്ലിംഗലിന്റെ നിരുത്തരവാദപരമായ നടപടിക്കെതിരെ സംവിധായകന്‍ സിബി മലയില്‍ വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക്‌ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്‍മേല്‍ നടപടി എടുക്കാനാണ്‌ സംഘടനാ നേതൃത്വം ആലോചിക്കുന്നത്‌.
കഴിഞ്ഞ ആഴ്‌ച നിര്‍മ്മാതാവ്‌ ആന്റോ ജോസഫിനെ അപമാനിച്ചുവെന്ന പരാതിയില്‍ യുവനടി നിത്യാമേനോനെതിരെയുള്ള അച്ചടക്കനടപടി സ്വീകരിക്കാനിരിക്കെയാണ്‌ പുതിയ പരാതി വന്നത്‌. മലയാള സിനിമയിലെ യുവതാരങ്ങള്‍ അപമര്യാദയായി പെരുമാറുന്നത്‌ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ്‌ ഫെഫ്‌കയിലെയും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനിലെയും ഭാരവാഹികള്‍ക്കുള്ളത്‌. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സൂപ്പര്‍താരങ്ങള്‍ പോലും വളരെ മര്യാദയോടെയാണ്‌ ലൊക്കേഷനില്‍ ഇടപെടാറുള്ളത്‌. എന്നാല്‍ യുവതാരങ്ങള്‍ ഒന്നുരണ്ട്‌ ചിത്രങ്ങള്‍ കഴിയുമ്പോഴേക്കും ജാഡയും തലക്കനവും കാട്ടിത്തുടങ്ങുന്ന രീതിയാണ്‌ നിലവിലുള്ളതെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം ആശയകുഴപ്പത്തിലുണ്ടായ പാളിച്ചയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ റീമ കല്ലിംഗല്‍ പറഞ്ഞു. തിരുവനന്തപുരത്തെ പരിപാടി താന്‍ നേരത്തെ ഏറ്റിരുന്നതാണ്‌. ഇക്കാര്യം സംവിധായകനെയും നിര്‍മ്മാതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ തെറ്റിദ്ധരിച്ചതുമൂലമാണ്‌ ഇത്തരമൊരു പ്രശ്‌നമുണ്ടായതെന്നും റീമ കല്ലിംഗല്‍ പറഞ്ഞു. അച്ചടക്കനടപടി സ്വീകരിക്കുമെങ്കില്‍ സ്വീകരിക്കട്ടെയെന്നും, ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാനില്ലെന്നും അവര്‍ പറഞ്ഞു.

'എന്റെ ജീവിതത്തില്‍ അനില്‍ അല്ലാതെ മറ്റൊരു പുരുഷനില്ല'


സിനിമാതാരം ഉര്‍വ്വശിക്ക്‌ പിന്നാലെ സഹോദരിയും അഭിനേത്രിയുമായ കല്‍പന വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ്‌ കഴിഞ്ഞദിവസം കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്‌. എന്നാല്‍ ഈ വാര്‍ത്തകള്‍ വാസ്‌തവവിരുദ്ധമാണെന്ന്‌ കല്‍പന പറഞ്ഞു.
ഞങ്ങള്‍ക്കിടയില്‍ ചെറിയ ചില അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നത്‌ ശരിയാണ്‌. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയുമിരിക്കും. ഇതൊക്കെ എല്ലാ വീടുകളിലും പതിവല്ലേ. അതൊന്നും വാര്‍ത്തയാവുന്നില്ലല്ലോ. ഞാന്‍ ഒരു നടിയായിപ്പോയതുകൊണ്ട്‌ എന്തെല്ലാം സഹിക്കണം- കല്‍പന പറയുന്നു. ചില പത്രക്കാരാണ്‌ ഇത്തരം അസത്യ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
താന്‍ പോലും അറിയാതെ തന്റെ ജീവിതകഥ ഓരോരുത്തരും എഴുതി വിടുകയാണെന്ന്‌ കല്‌പന വേദനയോടെ പറയുന്നു. അനില്‍ അല്ലാതെ ഒരു പുരുഷന്‍ എന്റെ ജീവിതത്തില്‍ ഈ ജന്മം ഉണ്ടാവില്ല. ഞങ്ങള്‍ തമ്മില്‍ ബന്ധമൊഴിയുന്നു എന്നു വന്ന വാര്‍ത്തകളെല്ലാം നുണയാണ്‌. സിനിമയുടെ തിരക്കുകള്‍ നിമിത്തം ഞാനും അനിലും എപ്പോഴും യാത്രകളിലായിരിക്കും. അപ്പോള്‍ മോളെ ഒറ്റയ്‌ക്കു നിര്‍ത്താനാവില്ലല്ലോ. അതിനാല്‍, എറണാകുളത്ത്‌ അമ്മയ്‌ക്കൊപ്പം അവളെ താമസിപ്പിക്കുന്നു. അനില്‍ ബാംഗ്‌ളൂരില്‍ കൂടുതല്‍ സമയം ചെലവിടുന്നതാണ്‌ മറ്റൊരു വിവാദം. കന്നഡ സിനിമയില്‍ സജീവമാകണമെന്ന്‌ അനിലിന്‌ മോഹമുണ്ട്‌. കരിയര്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണത്‌. വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ ഒരു കഴമ്പുമില്ലാത്തതാണെന്ന്‌ അനില്‍ പലവട്ടം പറഞ്ഞിട്ടുമുണ്ട്‌. എന്നിട്ടും ഞങ്ങളുടെ ജീവിതം തകര്‍ത്തുകാണാന്‍ ആരൊക്കെയോ മോഹിക്കുന്നു. അവരോട്‌ ദൈവം പൊറുക്കട്ടെ, കല്‌പന പറയുന്നു.