Pages

Subscribe:

Labels

Friday, October 7, 2011

റീമയ്‌ക്കെതിരെയും നടപടി?

സിബി മലയിലിന്റെ ഉന്നം എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ്‌ ചിത്രീകരണത്തില്‍ നിന്ന്‌ വിട്ടുനിന്ന റീമ കല്ലിംഗലിനെതിരെ അച്ചടക്കനടപടി വരുമെന്ന്‌ സൂചന. നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്‌കയും സംയുക്‌തമായി അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞദിവസമാണ്‌ കൊച്ചിയില്‍ ഉന്നം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്താതെ റീമ കല്ലിംഗല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനായി പോയത്‌.
ഇതുമൂലം ഷൂട്ടിംഗ്‌ മുടങ്ങുകയും നിര്‍മ്മാതാക്കള്‍ക്ക്‌ ലക്ഷകണക്കിന്‌ രൂപയുടെ നഷ്‌ടമുണ്ടാകുകയും ചെയ്‌തു. റീമ കല്ലിംഗലിന്റെ നിരുത്തരവാദപരമായ നടപടിക്കെതിരെ സംവിധായകന്‍ സിബി മലയില്‍ വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക്‌ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്‍മേല്‍ നടപടി എടുക്കാനാണ്‌ സംഘടനാ നേതൃത്വം ആലോചിക്കുന്നത്‌.
കഴിഞ്ഞ ആഴ്‌ച നിര്‍മ്മാതാവ്‌ ആന്റോ ജോസഫിനെ അപമാനിച്ചുവെന്ന പരാതിയില്‍ യുവനടി നിത്യാമേനോനെതിരെയുള്ള അച്ചടക്കനടപടി സ്വീകരിക്കാനിരിക്കെയാണ്‌ പുതിയ പരാതി വന്നത്‌. മലയാള സിനിമയിലെ യുവതാരങ്ങള്‍ അപമര്യാദയായി പെരുമാറുന്നത്‌ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ്‌ ഫെഫ്‌കയിലെയും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനിലെയും ഭാരവാഹികള്‍ക്കുള്ളത്‌. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സൂപ്പര്‍താരങ്ങള്‍ പോലും വളരെ മര്യാദയോടെയാണ്‌ ലൊക്കേഷനില്‍ ഇടപെടാറുള്ളത്‌. എന്നാല്‍ യുവതാരങ്ങള്‍ ഒന്നുരണ്ട്‌ ചിത്രങ്ങള്‍ കഴിയുമ്പോഴേക്കും ജാഡയും തലക്കനവും കാട്ടിത്തുടങ്ങുന്ന രീതിയാണ്‌ നിലവിലുള്ളതെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം ആശയകുഴപ്പത്തിലുണ്ടായ പാളിച്ചയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ റീമ കല്ലിംഗല്‍ പറഞ്ഞു. തിരുവനന്തപുരത്തെ പരിപാടി താന്‍ നേരത്തെ ഏറ്റിരുന്നതാണ്‌. ഇക്കാര്യം സംവിധായകനെയും നിര്‍മ്മാതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ തെറ്റിദ്ധരിച്ചതുമൂലമാണ്‌ ഇത്തരമൊരു പ്രശ്‌നമുണ്ടായതെന്നും റീമ കല്ലിംഗല്‍ പറഞ്ഞു. അച്ചടക്കനടപടി സ്വീകരിക്കുമെങ്കില്‍ സ്വീകരിക്കട്ടെയെന്നും, ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാനില്ലെന്നും അവര്‍ പറഞ്ഞു.

No comments: