Pages

Subscribe:

Labels

Friday, October 7, 2011

സൂര്യയുടെ ഏഴാം അറിവ് ദീപാവലിക്ക്


'ഷോര്‍ട്ട് ടേം മെമ്മറി ലോസ് ' സംഭവിച്ച ഒരു ചെറുപ്പക്കാരന്റെ കഥയില്‍ക്കൂടി തമിഴിലും, ഹിന്ദിയിലും ഹിറ്റ് മേക്കര്‍ ടീം ആയി മാറിയ എ.ആര്‍.മുരുഗദോസും സൂര്യയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ഏഴാം അറിവ് ' ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തമിഴകത്ത് സംഭവിക്കാനിരിക്കുന്ന മഹാത്ഭുതം കാണാന്‍ കണ്ണില്‍ എണ്ണയുമൊഴിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.
സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തിനു വേണ്ടി സൂര്യ, സര്‍ക്കസും ആയോധന മുറകളും അഭ്യസിച്ചു. ഇതില്‍ രണ്ടിലും ഡ്യൂപ്പില്ലാതെ അഭിനയിക്കുകയും ചെയ്തു. കൂടാതെ നിരവധി പ്രത്യേകതകള്‍ ഈ ചിത്രത്തിന് അവകാശപ്പെടാനുമുണ്ട്. തമിഴ് സിനിമയില്‍ സര്‍ക്കസ് കടന്നു വരുന്നത് വളരെ അപൂര്‍വ്വമാണെന്നിരിക്കെയാണ് സര്‍ക്കസ് ജീവിതം കഥയില്‍ ബോധപൂര്‍വമായി പ്രതിപാദിച്ചിരിക്കുന്നത്. 1000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒരു ഗാനരംഗവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്ന പ്രധാന ഘടകമാണ്. കൂടാതെ ഒരു ചൈനീസ് ഗാനവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശങ്കറിന്റെ യന്തിരന്‍, കാമറൂണിന്റെ അവതാര്‍ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച യു.എസിലെ സ്റ്റാര്‍ വിന്‍സ്റ്റന്‍ സ്റ്റുഡിയോ ആണ് ഏഴാം അറിവിന്റെ സ്പെഷ്യല്‍ ഇഫക്ടുകള്‍ ഒരുക്കുന്നത്.
ആറാമിന്ദ്രിയം അഥവാ ഡിഎന്‍എ ശക്തി എങ്ങനെ ഒരു മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അതെങ്ങനെയൊക്കെ ഒരാളില്‍ക്കൂടി മറ്റുള്ളവര്‍ക്കു പ്രയോജനപ്പോടുത്താം എന്ന് വ്യക്തമാക്കിത്തരുകയാണ് ഈ ചിത്രത്തില്‍ക്കൂടി മുരുഗദോസ്. നായകനായ സൂര്യ ബുദ്ധസന്യാസി, ശാസ്ത്രജ്ഞന്‍, സര്‍ക്കസ് അഭ്യാസി എന്ന് മൂന്ന് റോളുകളില്‍ പ്രത്യക്ഷപ്പെടുന്നു. സിക്സ് പായ്ക്കില്‍ എത്തുന്ന സന്യാസി സൂര്യയുടെ കരിയറിലെ ഒരു നിര്‍ണ്ണായക റോളാണ്. കന്നട നടന്‍ അവിനാശ് ആണ് സൂര്യയുടെ പിതാവായി എത്തുന്നത്. ഉലഗനായകന്റെ മകള്‍ ശ്രുതി ഹാസന്‍ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ഷര്‍മ്മിലി എന്ന ശാസ്ത്രജ്ഞയുടെ വേഷത്തില്‍ എത്തുന്ന ശ്രുതിയാണ് നായിക. സ്പൈഡര്‍മാന്‍ -2എന്ന ഹോളിവുഡ് ചിത്രത്തില്‍ സ്പൈഡര്‍മാന്റെ ഡ്യൂപ്പായി അഭിനയിച്ച വിയറ്റ്നാം താരം ജോണി.ടി.ഗുയന്‍ വില്ലനായി വേഷമിടുന്നു.
മലയാളിയായ രവി.കെ.ചന്ദ്രമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മുത്തുകുമാര്‍, വിജയ്, കബിലന്‍, മദന്‍ കാര്‍കി എന്നിവരുടെ വരികള്‍ക്ക് ഹാരിസ് ജയരാജ് ഈണം നല്‍കിയിരിക്കുന്നു. ഒരു ചൈനിസ് ഉള്‍പ്പെടെ മൊത്തം ആറു ഗാനങ്ങള്‍. റോഷന്‍, വിജയ് പ്രകാശ്, ബല്‍റാം, എസ്.പി.ബി, പോപ് ശാലിനി, സുചിത്ര, കാര്‍ത്തിക്, മേഘ, ജെറി ജോണ്‍, ബന്നി ദയാല്‍, ശ്രുതി ഹാസന്‍, ശ്വേതാ മോഹന്‍, നരേഷ് അയ്യര്‍, സുചിത് സുരേശന്‍, ഹാവാങ്ങ് തുടങ്ങി പതിനാറോളം ഗായകര്‍ പാടുന്നു. റെഡ് ജയന്റ് മൂവീസ് ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 110കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
ഹോളിവുഡ് സിനിമയായ 'മെമന്റോ'യില്‍ നിന്ന് ഗജിനിയുടെ കഥ ഉരുത്തിരിഞ്ഞു വന്നതുപോലെ മറ്റൊരു ഹോളിവുഡ് ചിത്രമായ 'ഇന്‍സ്പെഷനി'ല്‍ നിന്നാണ് ഏഴാം അറിവും സ്വീകരിച്ചതെന്ന് തമിഴകത്ത് ഒരു സംസാരമുണ്ടെങ്കിലും കഥാകൃത്തും സംവിധായകനുമായ എ.ആര്‍.എം അത് നിഷേധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
തമിഴകത്ത് നല്ലൊരു ചിത്രം വന്നാല്‍ അത് റീമേക്കു ചെയ്യാന്‍ അവസരം കാത്തിരിക്കുകയാണ് ബോളിവുഡ്. ബോളിവുഡ് നിര്‍മ്മാതാക്കളും ഏഴാം അറിവിന്റെ റിലീസിനായി ഉറ്റു നോക്കുകയാണ്. സൂര്യയുടെ സിങ്കം റീമേക്കു ചെയ്ത അജയ് ദേവഗണും, ഗജിനി റീമേക്കു ചെയ്ത ആമീര്‍ ഖാനും ആ കൂട്ടത്തിലുണ്ട്.
ജയലളിത -കരുണാനിധി രാഷ്ട്രീയ പോരുകള്‍ നിലനില്‍ക്കെ കരുണാനിധി കുടുംബത്തില്‍ നിന്നൊരാള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ വിജയത്തിന്, അതേതു കൊലക്കൊമ്പനായാലും ശരി, പുരയ്ട്ചി തലൈവി ഏതു വിധേനയും തുരങ്കം വയ്ക്കും എന്ന് തമിഴകം ഒന്നടങ്കം വിശ്വസിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളില്‍ ഒരേ സമയം ഇറങ്ങുന്ന ഏഴാം അറിവിനെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ എന്നു വിശേഷിപ്പിക്കാം. പക്ഷേ അപ്പോഴും പുരയ്ട്ചി തലൈവി അടങ്ങിയിരിക്കുമോ എന്നൊരു ആശങ്ക ബാക്കിയാകുന്നു.

No comments: